രാഹുലിന്‍റെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന ഭീഷണി: കോൺഗ്രസ് നിയമനടപടിക്ക്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ചാനൽ ചർച്ചയിൽ ഭീഷണി മുഴക്കിയെ എ.ബി.വി.പി മുൻ സംസ്ഥാന പ്രസിഡന്റും ബി.ജെ.പി ടീച്ചേഴ്‌സ് സെൽ സ്റ്റേറ്റ് കോ. കൺവീനറുമായ പ്രിന്‍റു മഹാദേവിനെതിരെ കോൺഗ്രസ് നിയമനടപടിക്ക്. ഗോഡ്സെയുടെ പിന്തുടർച്ചക്കാർ മാധ്യമങ്ങളിൽ ഇരുന്ന് ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

വർഗീയതക്കെതിരായും ഫാസിസത്തിനെതിരായും യുദ്ധം പ്രഖ്യാപിച്ച നേതാവ് രാഹുൽ ഗാന്ധിയുടെ ദേഹത്ത് മണ്ണ് വാരിയിടാൻ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ സമ്മതിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇവരുടെ ആഗ്രഹമാണ് രാഹുൽ ഗാന്ധിയെ അവസാനിപ്പിക്കണം എന്നത്. രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയയാൾക്കെതിരെ ഒരു നടപടിയും കേരളത്തിലെ പൊലീസ് സ്വീകരിച്ചില്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. കാരണം ബി.ജെ.പിയുമായി സന്ധി ചെയ്തിരിക്കുകയാണ് പിണറായി സർക്കാർ എന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

പ്രിന്‍റു മഹാദേവിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയും രംഗത്തെത്തി. ബി.ജെ.പി വക്താവ് ലോക്സഭ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി ഉയർത്തിയത് ഗൗരവകരമായ കാര്യമാണ്. പിണറായി വിജയൻ സർക്കാറിന് കീഴിൽ പൊലീസും ബി.ജെ.പിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്നും ഇതിനാലാണ് കേസെടുക്കാൻ മടിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

‘ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെ പോലെ ഇവിടെ ജനങ്ങൾ കൂടെയുണ്ടായിരുന്നില്ല. ഇന്ത്യാ മഹാരാജ്യത്ത് നരേന്ദ്ര മോദി സർക്കാറിന്‍റെ കൂടെ ജനങ്ങൾ ഒപ്പമുണ്ട്. അതുകൊണ്ട് അങ്ങിനെയൊരു മോഹവുമായി രാഹുൽ ഗാന്ധി ഇറങ്ങിത്തിരിച്ചാൽ നെഞ്ചത്ത് വെടിയുണ്ട വീഴും... ഒരു സംശയവും വേണ്ട...’ -എന്നായിരുന്നു ചാനൽ ചർച്ചക്കിടെ പ്രിന്‍റു മഹാദേവിന്‍റെ പരമാർശം.

Tags:    
News Summary - Death threat to Rahul Gandhi: Congress to take legal action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.