ജാതിവിവേചനത്തിനെതിരെ സംസാരിക്കാന്‍ ദലിതർക്ക് സാധിക്കുന്നില്ല; മതംമാറ്റം ആലോചിച്ചെടുത്ത തീരുമാനം -ചിത്രലേഖ

കണ്ണൂർ: സവര്‍ണരുടെ ജാതിവിവേചനത്തിനെതിരെ സംസാരിക്കാന്‍ ദലിത് സമൂഹത്തിലാര്‍ക്കും സാധിക്കുന്നില്ലെന്നും ആരെങ്കിലും സംസാരിച്ചാല്‍ തന്നെ കുറ്റപ്പെടുത്താനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നതും കണ്ണൂർ പയ്യന്നൂരിലെ ദലിത് ഓട്ടോഡ്രൈവർ ചിത്രലേഖ. തനിക്കെതിരെ നടന്നത് പോലെയുള്ള ആക്രമണങ്ങൾ ആവർത്തിക്കാൻ കാരണം ഇതാണ്. ഒരു തരത്തിലും ജീവിക്കാനാവാതെ ഒറ്റപ്പെടുന്നത് ഭീകരമാണെന്നും ചിത്രലേഖ ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സ്വന്തം സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനകളില്‍ നിന്നുപോലും ആവശ്യമായ സഹായം ഉണ്ടായില്ല. ആരും സംരക്ഷണം നല്‍കിയിട്ടുമില്ല.

ജാതീയമായ ഒറ്റപ്പെടലില്‍ നിന്നും സുരക്ഷിതത്വം നേടാന്‍ ഇസ്‌ലാം ആശ്ലേഷണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. തന്‍റെ ഈ തീരുമാനത്തിനെതിരെ സവര്‍ണ-സി.പി.എം- സംഘ്പരിവാര്‍ വിഭാഗങ്ങളില്‍ നിന്നും വലിയ ആക്രമണങ്ങളും ആരോപണങ്ങളും മുന്‍കൂട്ടി കാണുന്നു. ഭൂമിയുള്ളിടത്തോളം കാലം ആ ആരോപണങ്ങളൊക്കെ തുടര്‍ന്നുകൊണ്ടേയിരിക്കും. കൃത്യമായി പഠിച്ചും മനസിലാക്കിയുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും പിന്നോട്ടില്ലെന്നും ചിത്രലേഖ പറഞ്ഞു.

ഒത്തൊരുമയും സാഹോദര്യവും നിര്‍ഭയത്വും ജാതിവിവേചനമില്ലായ്മയുമൊക്കെ ഞാന്‍ ഇസ്‌ലാമില്‍ കാണുന്നു. കൃത്യമായി മനസിലാക്കിയാണ് ഇസ്‌ലാം സ്വീകരിക്കാന്‍ തീരുമാനിച്ചത്. നിര്‍ഭയമായി ജീവിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇസ്‌ലാമിന്‍റെ കര്‍മശാസ്ത്രത്തെ കുറിച്ചൊക്കെ പഠിച്ചുകൊണ്ടിരിക്കുകയാണ്.

മതേതര പാര്‍ട്ടിയെന്നു പറയുന്ന സി.പി.എമ്മാണ് ഞങ്ങളെ രണ്ടു പതിറ്റാണ്ടായി നിരന്തരം ജാതിവിവേചനത്തിനും ആക്രമണത്തിനും ഇരയാക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതു കൊണ്ടു തന്നെ ഹാദിയ നേരിട്ടതുപോലെയുള്ള എല്ലാവിധ വെല്ലുവിളികളും മുന്‍കൂട്ടി കാണുന്നുണ്ട്. എന്തായാലും എല്ലാം നേരിടാന്‍ തയ്യാറാണെന്നും ചിത്രലേഖ അഭിമുഖത്തിൽ പറഞ്ഞു.

താൻ ഇസ്‌ലാം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് ചിത്രലേഖ നേരത്തെ ഫേസ്ബുകിലൂടെ വ്യക്തമാക്കിയിരുന്നു. ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായി. അതിനാലാണ് ഇതുവരെ ജീവിച്ചുപോന്ന സ്വത്വം വിട്ട് ഇസ്​ലാം മതം സ്വീകരിക്കാനുള്ള ആലോചനയിലെത്തിയതെന്നും ചിത്രലേഖ പറഞ്ഞിരുന്നു.

ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വർഷങ്ങളായി ​സി.പി.എമ്മുമായി ഏറ്റുമുട്ടലി​ന്‍റെ വഴിയിലാണ്​. പയ്യന്നൂർ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയാണ് ചിത്രലേഖയുടെ വിഷയം ചർച്ചയാവുന്നത്.

ഓട്ടോ കത്തിച്ചതുൾപ്പെടെയുള്ള വിവാദങ്ങൾ ദേശീയ തലത്തിൽ ചർച്ചയായി. ഇതേതുടർന്ന്​ ഏതാനും വർഷം മുമ്പ്​ എടാട്ടുനിന്ന്​ കണ്ണൂരിലെ തന്നെ കാട്ടാമ്പള്ളിയിലെ വാടകവീട്ടിലേക്ക്​ മാറി. വീടിന്​ സ്​ഥലം ആവശ്യപ്പെട്ട്​ നടത്തിയ സമരത്തിനൊടുവിൽ ഉമ്മൻചാണ്ടി സർക്കാർ കാലത്ത്​ ഇവർക്ക്​ വീടുവെക്കാൻ അഞ്ചു ​െസൻറ്​ ഭൂമിയും അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു. വീടുപണി പാതിവഴിയിൽ നിൽക്കെ, ചിത്രലേഖക്ക്​ അനുവദിച്ച സഹായം പിണറായി സർക്കാർ റദ്ദാക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - dalits cant stand against caste discrimination says chithralekha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.