വരാപ്പുഴ കസ്​റ്റഡി മരണം: എ.വി. ജോർജ് പ്രതിയാകില്ല

കൊച്ചി: വരാപ്പുഴയിൽ പൊലീസ് കസ്​റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ മുൻ റൂറൽ എസ്.പി എ.വി. ജോർജ് പ്രതിയാകില്ല. എസ്​.പി യെ പ്രതിയാക്കേണ്ടതില്ലെന്ന നിയമോപദേശം ഡ‍യറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) അന്വേഷണ സംഘത്തിന് കൈമാറി. വകുപ്പുതല നടപടികൾ മാത്രം മതിയെന്ന ശിപാർശയാണ് നൽകിയിരിക്കുന്നത്. മേയ് 17നാണ്​ മുൻ റൂറൽ എസ്.പിയെ പ്രതി ചേർക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിയമോപദേശം തേടിയത്. വരാപ്പുഴ സംഭവത്തിൽ റൂറൽ എസ്.പിയായിരുന്ന എ.വി. ജോർജ് നേരിട്ട് ഇടപെട്ടതിനും ക്രിമിനൽ കുറ്റം ചെയ്തതിനും തെളിവില്ലെന്നും എന്നാൽ, റൂറൽ ടൈഗർ ഫോഴ്സ് രൂപവത്കരണം നിയമവിരുദ്ധമായതിനാൽ വകുപ്പുതല നടപടികൾ നിലനിൽക്കുമെന്നുമാണ്​ നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്​. ഇതോടെ ജോർജിനെ പ്രതിയാക്കേണ്ടതില്ലെന്ന നിലപാട് അന്വേഷണ സംഘം സ്വീകരിച്ചതായാണ് സൂചന. 

ആർ.ടി.എഫ് അംഗങ്ങളുടെ ജാമ്യാപേക്ഷയിലും എ.വി. ജോർജിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചത്. നിലവിൽ ജോർജ് സസ്പെൻഷനിലാണ്. സ്വന്തം കീഴിൽ ആർ.ടി.എഫ് രൂപവത്കരിച്ചതിലും അവരെ വഴിവിട്ട് സഹായിച്ചതിലും ജോർജിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാണ് സസ്പെൻഷൻ അടക്കമുള്ള വകുപ്പുതല നടപടി സ്വീകരിച്ചത്. ആർ.ടി.എഫ് അംഗങ്ങളെ വെള്ളപൂശുന്ന പ്രസ്താവനയുമായി ആദ്യ ഘട്ടത്തിൽ രംഗത്തെത്തിയത് വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാൽ, ആലുവ ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് കണക്കിലെടുത്തായിരുന്നു ഇതെന്ന് പിന്നീട് മൊഴി നൽകി. സി.പി.എം പ്രാദേശിക നേതൃത്വത്തി​​െൻറ നിർ​ദേശപ്രകാരമാണ് കേസിലെ പ്രതികളെ അറസ്​റ്റ്​ ചെയ്യാൻ എസ്.പി ആർ.ടി.എഫ് ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടതെന്നായിരുന്നു ശ്രീജിത്തി​​െൻറ കുടുംബവും പ്രതിപക്ഷവും ആരോപിച്ചത്. എന്നാൽ, കേസിൽ ആർ.ടി.എഫ് ഉദ്യോ​ഗസ്ഥർക്കും വരാപ്പുഴ സ്​റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്കും മാത്രമാണ് പങ്ക് എന്ന നിലപാടാണ്​ സർക്കാർ കോടതിയില്‍ സ്വീകരിച്ചത്​. ജോർജിനെതിരെ ഡിവൈ.എസ്.പിയടക്കമുള്ള പൊലീസുകാരുടെ മൊഴികളാണ് തെളിവായുള്ളത്. 

അതേസമയം എ.വി. ജോർജിനെ രക്ഷിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് ശ്രീജിത്തി​​െൻറ കുടുംബം വ്യക്തമാക്കി. ഇതിനിടെ ശ്രീജിത്തി​​െൻറ മൊഴിയെടുക്കാൻ വിസമ്മതിച്ചെന്ന പരാതിയിൽ മുൻ മജിസ്ട്രേറ്റി​​െൻറ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഹൈകോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് രജിസ്ട്രാർക്ക് കത്തുനൽകി. മജിസ്ട്രേറ്റിനെ സാക്ഷിയാക്കി മൊഴിയെടുക്കണമെന്നതാണ് ആവശ്യം. കേസിൽ നിലവിൽ സി.ഐയും എസ്.ഐയുമടക്കം 10​ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളാണ്. 


മുഖ്യമന്ത്രി നൽകിയ ഉറപ്പി​​െൻറ ലംഘനമെന്ന് ഉമ്മൻ ചാണ്ടി; രാഷ്​ട്രീയ പ്രേരിതമെന്ന് ഹസൻ
കൊച്ചി: വരാപ്പുഴ കസ്​റ്റഡി കൊലപാതകക്കേസില്‍ മുന്‍ റൂറല്‍ എസ്.പി എ.വി. ജോര്‍ജിനെ പ്രതിയാക്കേണ്ടെന്ന നിയമോപദേശം അംഗീകരിക്കുന്നത് ജനങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പി​​െൻറ ലംഘനമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. രാഷ്​ട്രീയ ഇടപെടല്‍ മറച്ചു​െവക്കാനാണ് പിണറായി വിജയ​​​െൻറ ശ്രമം. കുറ്റക്കാരെ മുഴുവന്‍ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ പിന്നോട്ട് പോകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ഉമ്മൻ ചാണ്ടി കൊച്ചിയില്‍ പറഞ്ഞു.

ജോര്‍ജിനെ പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കിയ നടപടി രാഷ്​ട്രീയ പ്രേരിതവും സി.പി.എമ്മി​​െൻറ പങ്ക് പുറത്തുവരാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യമാണ് ഇപ്പോഴും ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


 

Tags:    
News Summary - Custody Death Case: AV George not include in Accused list - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.