വി.ഡി. സതീശന്‍റേത് തികഞ്ഞ ഏകാധിപത്യപ്രവണത -മുസ്‍ലിം ലീഗ് യോഗത്തിൽ രൂക്ഷ വിമര്‍ശനം

മലപ്പുറം: മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് രൂക്ഷ വിമർശനം. വി.ഡി. സതീശന്‍റേത് തികഞ്ഞ ഏകാധിപത്യപ്രവണതയാണെന്ന് ചില നേതാക്കൾ വിമര്‍ശനമുന്നയിച്ചു. ഞായറാഴ്ച മലപ്പുറം ലീഗ് ഹൗസിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികള്‍, എം.എല്‍.എമാര്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ, പോഷകസംഘടനകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് കോൺഗ്രസ് നേതാക്കളുടെ ചെയ്തികൾക്കെതിരെ വിമർശനമുണ്ടായത്. എം.കെ. മുനീർ, കെ.എം. ഷാജി അടക്കമുള്ള നേതാക്കളാണ് വിമർശനമുന്നയിച്ചത്. കോൺഗ്രസ് നേതാക്കൾക്ക് താൻപോരിമയും ധിക്കാരവുമാണെന്ന് കെ.എം. ഷാജി പറഞ്ഞു.

പി.വി. അൻവര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയതിൽ സതീശന് മുഖ്യപങ്കുണ്ടെന്ന് അഭിപ്രായമുയർന്നു. ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസിൽനിന്നുണ്ടാകുന്നത്. മുമ്പ് ഇത്തരം പ്രശ്നങ്ങളിൽ ലീഗ് ഇടപെട്ടാൽ പരിഹാരം ഉണ്ടാകുമെന്ന വിശ്വാസം മുന്നണിപ്രവർത്തകർക്ക് ഉണ്ടായിരുന്നു. ആ വിശ്വാസ്യത കോൺഗ്രസ് കളഞ്ഞുകുളിച്ചു.

ശനിയാഴ്ച അർധരാത്രി രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയത് യു.ഡി.എഫിന് നാണക്കേടായി. അൻവറുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചതായി യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിച്ചശേഷവും രാഹുൽ അൻവറിനെ കണ്ടതും അതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതും മുന്നണിക്ക് നാണക്കേടായി.

അൻവറും യു.ഡി.എഫും ചേരുമ്പോൾ ഈസി വാക്കോവറായിരുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോൾ സങ്കീർണമായിരിക്കുന്നത്. എന്നാൽതന്നെയും ലീഗ്, കോൺഗ്രസ് വോട്ടുകൾ ചോരാതെ നോക്കിയാൽ ഷൗക്കത്തിന് ഇപ്പോഴും വിജയസാധ്യതയുണ്ട്. ആ നിലക്കുള്ള പ്രവർത്തനങ്ങൾ ബൂത്തുതലത്തിൽ ശക്തമാക്കാൻ ലീഗ് നേതൃയോഗത്തിൽ ധാരണയായി. യോഗത്തിലുണ്ടായ ചർച്ചകൾ കെ.സി. വേണുഗോപാലിനെ അടക്കം അറിയിക്കാനും യോഗം തീരുമാനിച്ചു.

അതേസമയം, യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിശദീകരണവുമായി ലീഗ് നേതൃത്വം രംഗത്തെത്തി. യോഗത്തെ സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ അവാസ്തവമാണെന്നും മറ്റു ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്തക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - criticism against VD Satheesan in Muslim League meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.