ഇ.എൻ. സുരേഷ് ബാബു

‘വ്യാജൻ മാറി കോഴിയായി, കോൺ​ഗ്രസിന് നാണമുണ്ടെങ്കിൽ നടപടിയെടുക്കണം’; യുവനേതാവിനെതിരായ ആരോപണത്തിൽ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: നടി റിനി ആൻ ജോർജ് ഉന്നയിച്ച ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ യുവനേതാവിനെതിരെ നടപടി സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകണമെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആവശ്യപ്പെട്ടു. യുവനേതാവിന് ‘വ്യാജൻ’ എന്ന പേര് മാറി ‘കോഴി’ എന്നായി. കോൺഗ്രസ് ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കിൽ സംഘടനാപരമായെങ്കിലും നടപടി സ്വീകരിക്കേണ്ടേ? സംഘടനാ ഭാരവാഹിത്വത്തിൽനിന്നെങ്കിലും മാറ്റിനിർത്താൻ നേതൃത്വം തയാറാകണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.

“എന്തെല്ലാം ആരോപണങ്ങളാണ് വന്നത്... വ്യാജൻ, ഞങ്ങളുണ്ടാക്കിയതാണോ ആ പേര്? ഇപ്പോൾ വ്യാജൻ പോയി കോഴി ആയെന്നാണ് ജനം പറയുന്നത്. കേരളം മൊത്തം ഇങ്ങനെ ചർച്ച ചെയ്യുമ്പോൾ കോൺഗ്രസിന് നാണവും മാനവുമുണ്ടെങ്കിൽ, ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കിൽ സംഘടനാപരമായെങ്കിലും നടപടി സ്വീകരിക്കേണ്ടേ? സി.പി.എമ്മിന്‍റെ പ്രാദേശിക നേതാക്കൾക്കെതിരെ ഒരു ആരോപണം വന്നാൽ രാത്രി മുഴുവൻ ചാനലുകൾ ചർച്ച നടത്തും. എന്നാൽ ഇവിടെ യൂത്ത് കോൺഗ്രസിന്‍റെ നേതാക്കളെ സംരക്ഷിക്കാനാണ് ചാനലുകൾ ശ്രമിക്കുന്നത്.

മാധ്യമപ്രവർത്തകർക്ക് നേരെ ഉൾപ്പെടെ ആരോപണ വിധേയനായ നേതാവ് അതിക്രമം നടത്തിയെന്ന ചർച്ച ഈ നാട്ടിൽ നടന്നതാണ്. ഇത്തരമൊരവസ്ഥയിൽ കോൺഗ്രസ് നേതൃത്വത്തോടും പ്രതിപക്ഷ നേതാവിനോടും നടപടി എടുക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന് ചോദിക്കാൻ മാധ്യമങ്ങൾ തയാറാകണം. സംഘടനാ ഭാരവാഹിത്വത്തിൽനിന്നെങ്കിലും മാറ്റിനിർത്താൻ നേതൃത്വം തയാറാകണം. എം.എൽ.എ പദവിയിലുള്ള പല കോൺഗ്രസ് നേതാക്കൾക്കും നേരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അവർ ഇപ്പോഴും നാണമില്ലാതെ പദവിയിൽ തുടരുകയാണ്. ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കിൽ കോൺഗ്രസ് നടപടി സ്വീകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണ്” -സുരേഷ് ബാബു പറഞ്ഞു.

പ്രമുഖ യുവ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് റിനി ആൻ ജോര്‍ജ് ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതൽ മോശം മെസേജുകൾ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നു.

മൂന്നര വർഷം മുമ്പാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി. ഇയാളെ പറ്റി പാർട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയൂവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളിൽ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആൻ ജോര്‍ജ് ഇന്നലെ പറഞ്ഞു.

നേതാവിന്‍റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താൻ തയാറല്ല. ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാൾക്ക് സ്ഥാനമാനങ്ങൾ ലഭിച്ചു. പ്രമാദമായ പീഡനകേസുകളിൽ ഉൾപ്പെട്ട നേതാക്കൾക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു. ഇയാൾ ഉൾപ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം. ഹൂ കെയേഴ്സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഇയാളുടെ പ്രസ്ഥാനത്തിന് ധാർമികതയുണ്ടെങ്കിൽ ഇനിയെങ്കിലും നിയന്ത്രിക്കണമെന്നും ഈ സംഭവത്തോടെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയെന്നും യുവ നടി പറഞ്ഞു.

Tags:    
News Summary - CPM Palakkad Secretary Demands Action Against Youth Congress Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.