കുറ്റ്യാടിയിലെ പ്രതിഷേധത്തിൽ സി.പി.എം നടപടി; ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു, രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയ കുറ്റ്യാടിയിൽ പാർട്ടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു. കുന്നുമ്മൽ ഏരിയ കമ്മിറ്റിയംഗങ്ങളായ രണ്ടുപേരെ പുറത്താക്കി.

കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ട് പകരം അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നൽകി. ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റും കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. ചന്ദ്രി, ഏരിയ കമ്മിറ്റിയംഗം ടി.കെ. മോഹൻ ദാസ് എന്നിവരെ പുറത്താക്കിയതായാണ് വിവരം. പ്രതിഷേധ പ്രകടനം, കുറ്റ്യാടി പഞ്ചായത്തിലെ വോട്ട് ചോർച്ച എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് നടപടി.

നേരത്തെ, കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ ജില്ല സെക്രട്ടറിയേറ്റിൽ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥി മത്സരിച്ചിട്ടും പഞ്ചായത്തിൽ 42 വോട്ട് മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്. ആയിരം വോട്ട് പ്രതീക്ഷിച്ചിരുന്നു. വോട്ടു ചോർച്ച നടന്നു എന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.  

കുറ്റ്യാടി നിയമസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാനുള്ള തീരുമാനമാണ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. സി.പി.എമ്മിൽ പതിവില്ലാത്ത രീതിയിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ അണിനിരന്ന വൻ പ്രതിഷേധ പ്രകടനവും കുറ്റ്യാടിയിൽ നടന്നിരുന്നു. തുടർന്ന്, സീറ്റ് കേരള കോൺഗ്രസ് സി.പി.എമ്മിന് തന്നെ തിരിച്ചു നൽകുകയും കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കുകയുമായിരുന്നു. 

Tags:    
News Summary - CPM disciplinary action in Kuttyadi, local committee dissolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.