തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്ക് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ കൊണ്ടുവരാനുള്ള ആഭ്യന്തര വകുപ്പിന്റെ ‘വഴിവിട്ട’ നീക്കത്തിന് പിന്നിൽ സി.പി.എം സെക്രട്ടേറിയറ്റിന്റെ പച്ചക്കൊടി. മാർച്ചിൽ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതിയ ഡി.ജി.പി നിയമനകാര്യം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അജിത്കുമാറിനെ സ്വാഭാവികമായും പട്ടികയിൽ ഉൾപ്പെടുത്തേണ്ടിവരുമെന്ന് അറിയിച്ചിരുന്നു.
അജിത്കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ പോലും ചർച്ചയാവാതിരുന്ന യോഗത്തിൽ ‘പാർട്ടി വിശ്വസ്ത’രിലൊരാൾ വരണമെന്ന പൊതുവികാരം മാത്രമാണുയർന്നത്. ഇതിനുപിന്നാലെയാണ് ആഭ്യന്തരവകുപ്പ് പ്രത്യേക താൽപര്യത്തോടെ അജിത്കുമാറിനായി ‘വഴിയൊരുക്കൽ’ തുടങ്ങിയത്.
30 വർഷ സർവിസും ഡി.ജി.പി റാങ്കും ഉള്ളവരുടെ പട്ടികയാണ് കേന്ദ്രം ആവശ്യപ്പെട്ടതെങ്കിലും എ.ഡി.ജി.പിയായിരുന്ന അനിൽകാന്തിനെ 2021ൽ ഡി.ജി.പിയാക്കിയത് ചൂണ്ടിക്കാട്ടിയാണ് ആറംഗ പട്ടികയിൽ എ.ഡി.ജി.പിമാരായ അജിത്കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഉൾപ്പെടുത്തിയത്. പട്ടികയിലെ മനോജ് എബ്രഹാം ഒഴികെയുള്ള ഡി.ജി.പി റാങ്കിലുള്ളവരെ ‘സമ്മർദ’ത്തിലൂടെ സ്വമേധയാ ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലും അജിത്തിന് വഴിയൊരുക്കാനാണെന്നാണ് വിമർശനം. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നതിനാൽ പാർട്ടി ‘കൂറുള്ള’ മനോജ് എബ്രഹാം, അജിത്കുമാർ എന്നിവരിലൊരാളെയാണ് സി.പി.എം താൽപര്യപ്പെടുന്നത്. യു.പി.എസ്.സിയുടെ മൂന്നംഗ ചുരുക്കപ്പട്ടികയിൽ ഇവരെത്തിയാൽ മന്ത്രിസഭക്ക് ‘ഇഷ്ടക്കാരനെ’ നിയമിക്കാനാവും.
മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുയർന്ന സ്വർണ കള്ളക്കടത്ത് കേസിലെ ഇടപെടലിൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും അതിവേഗമാണ് അജിത്കുമാർ ക്രമസമാധാന ചുമതലയിലെത്തി ‘സൂപ്പർ ഡി.ജി.പി’യായത്.അജിത്ത് ചുരുക്കപ്പട്ടികയിൽ വന്നാൽ ഡി.ജി.പിയെ തീരുമാനിക്കുന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.