സി.പി കുഞ്ഞു, സമാനതകളില്ലാത്ത സഖാവ്

കോഴിക്കോട്: ഗണ്ണി സ്ട്രീറ്റിലെ കാലിച്ചാക്ക് കച്ചവടക്കാരനിൽ നിന്ന് കറയറ്റ കമ്യുണിസ്റ്റ് നേതാവായി വളർന്ന ചരിത്രമായിരുന്നു അന്തരിച്ച മുൻ എം.എൽ.എ സി.പി കുഞ്ഞുവിന്‍റേത്. കാലിച്ചാക്ക് കച്ചവടക്കാരുടെ സംഘടന പ്രസിഡണ്ടായിരുന്ന ചെറിയാലിങ്ങൽ പറമ്പിൽ കുഞ്ഞു വ്യാപാരം നിർത്തിയാണ് മുഴുസമയ പാർട്ടി പ്രവർത്തകനായത്. എക്കാലത്തും തൊഴിലാളികൾക്കായി ശബ്ദമുയർത്തിയ കുഞ്ഞുവിന്‍റെ പ്രസംഗം അണികൾക്ക് ഏറെ ആവേശമുണ്ടാക്കുന്നതായിരുന്നു.

മലബാറിൽ പലയിടത്തും കുഞ്ഞുവിന്‍റെ പ്രസംഗങ്ങൾ അലയടിച്ച കാലമുണ്ടായിരുന്നു. നർമമായിരുന്നു ഈ നേതാവിന്‍റെ പ്രസംഗത്തിന്‍റെ മർമം. അഞ്ച് മണിക്കൂറെല്ലാം നിന്ന് പ്രസംഗിച്ചതായി ഒരിക്കൽ ഇദ്ദേഹം പറഞ്ഞിരുന്നു. മുസ്ലിം ലീഗിന്‍റെ ശക്തി കേന്ദ്രങ്ങളിൽ പല സമ്മേളനങ്ങളിലും യോഗങ്ങളിലും പ്രസംഗിക്കാൻ പാർട്ടി നിയോഗിക്കുന്നത് കുഞ്ഞുവിനെയായിരുന്നു. മതകാര്യങ്ങളും പൊതുകാര്യങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ നാവിൽ നിന്നൊഴുകയെത്തിയത് പലപ്പോഴും എതിരാളികൾക്ക് അലോസരമുണ്ടാക്കിയിരുന്നു. ശരീഅത്ത് വിവാദത്തിൽ സി.പി.എമ്മിന് വേണ്ടി മലബാറിലുടനീളം പ്രസംഗിച്ചിരുന്നു.

നഗരത്തിലെ മുസ്ലിം സമുദായത്തിലെ നിരവധി പേരെ സി.പി.എമ്മിലേക്ക് ആകർഷിക്കാനും കുഞ്ഞുവിന് കഴിഞ്ഞു. സി.എച്ച്. മുഹമ്മദ് കോയയെയും പി.എം അബൂബക്കറിനെയും വിജയിപ്പിച്ച പഴയ 34ാം ഡിവിഷനിലെ ലീഗ് കോട്ടയിൽ ജയിച്ച് നഗരസഭയിലെത്തിയ ചരിത്രവുമുണ്ട്.

അഖിലേന്ത്യ ലീഗ് മുസ്ലിം ലീഗിൽ ലയിച്ച ശേഷമുള്ള 1987ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യുവ നേതാവ് കെ.കെ മുഹമ്മദിനെതിരെ ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കിയാണ് കുഞ്ഞു കോഴിക്കോട് രണ്ടിലെ എം.എൽ.എയായത്. നിയമ സഭ പ്രസംഗങ്ങളിലും നർമം കലർതിയിരുന്ന അദ്ദേഹം മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങളെത്തിച്ചിരുന്നു.

റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, ഫ്രാൻസിസ് റോഡും ഫ്ലൈഓവറും, വെള്ളിപറമ്പ് -മായനാട്റോഡ്, ചെറുവറ്റക്കടവ് പാലം, കോവൂർ- പാലാഴി റോഡ് എന്നീ വികസനപ്രവർത്തനങ്ങളിൽ കുഞ്ഞുവിന്‍റെ കൈയൊപ്പ് പതിഞ്ഞിരുന്നു. വെള്ളിമാടുകുന്ന് ഗവ. ലോ കോളജിന്കെട്ടിടമുയർന്നതും ഇക്കാലത്താണ്. 1991ൽ എം.കെ മുനീറിനോട് തോറ്റെങ്കിലും യഥാർഥ വിജയം തനിക്കായിരുന്നെന്ന് ഈ വയോധിക സഖാവ് പറയുമായിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുള്ള സഹതാപ തരംഗവും ബി.ജെ.പിയുടെ വോട്ട് മൂന്നിലൊന്നായി കുറഞ്ഞതും തോൽവിക്ക് കാരണമായെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിലയിരുത്തൽ.             

Tags:    
News Summary - CP Kunju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.