തൃശൂർ: സൂക്ഷ്മതയോടെ ഉപയോഗിച്ചില്ലെങ്കിൽ കോവിഡ് വ്യാപനത്തിന് ഇട നൽകുന്ന സ്വയം പരിശോധന കിറ്റിന് ആവശ്യക്കാരേറെ. കേരള വിപണി ലക്ഷ്യമിട്ട് വൻകിട മരുന്നു കമ്പനികളാണ് കിറ്റുകളുമായി രംഗത്തുവന്നിരിക്കുന്നത്. കിറ്റ് ഉപയോഗം കോവിഡ് രോഗിയാണെന്ന വിവരം മറച്ചുവെക്കാനും അശാസ്ത്രീയ പരിശോധന രോഗവ്യാപനത്തിനും ഇട നൽകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ഐ.സി.എം.ആറിെൻറ കർശന നിബന്ധനകളോടെ ആശുപത്രികളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കൽ ലാബുകളിലുമാണ് പരിശോധന നടക്കുന്നത്. ഈ കരുതൽ സ്വയം പരിശോധന കിറ്റിലൂടെ ദുർബലമാകുമെന്നാണ് ആശങ്ക.
ഗുണനിലവാരം ഉറപ്പാക്കി വിൽക്കാൻ അംഗീകാരമുള്ള കമ്പനികളുടെ കോവിഡ് ആൻറിജൻ സെൽഫ് ടെസ്റ്റ് കിറ്റുകളുടെ ലിസ്റ്റ് ഐ.സി.എം.ആർ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ഉൽപന്നം വിൽക്കാനാവുമെന്നും തടയാനാവില്ലെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് -19 ആൻറിജൻ - ആൻറിബോഡി കിറ്റുകൾ നിർമിക്കാൻ രണ്ട് മെഡിക്കൽ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകിയിട്ടുമുണ്ട്. നിയന്ത്രണമില്ലാതെ സ്വയം പരിശോധന കിറ്റുകൾ വ്യാപകമാക്കിയാൽ ഉണ്ടായേക്കാവുന്ന വിപത്തുകൾ സംബന്ധിച്ച് മെഡിക്കൽ ലബോറട്ടറി ഒാണേഴ്സ് അസോസിയേഷൻ ആരോഗ്യമന്ത്രിയെ അറിയിച്ചതായി സംസ്ഥാന പ്രസിഡൻറ് സി. ബാലചന്ദ്രൻ പറഞ്ഞു.
ആൻറിജൻ സ്വയം പരിശോധന കിറ്റിന് 250 രൂപ മുതൽ 350 രൂപ വരെയാണ് മരുന്നുവിൽപന ശാലകൾ ഈടാക്കുന്നത്. ഇത് ഉപയോഗിക്കുന്നവർ മൊബൈൽ /വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത് പരിശോധനഫലം ഐ.സി.എം.ആറിൽ അറിയിക്കണമെന്നുണ്ട്്. എന്നാൽ, ഇത് പാലിക്കാതെ അതി രഹസ്യമായി കോവിഡ് വ്യാപകമായി പരിശോധിക്കപ്പെടുന്നു. പരിശോധന നെഗറ്റിവായിട്ടും രോഗലക്ഷണങ്ങൾ കാണിക്കുന്നവർ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയരാകണമെന്ന് മുന്നറിയിപ്പ് നിർമാതാക്കൾ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.