കൊച്ചി: ദിവസങ്ങൾക്കുമുമ്പ് കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻഹായ് 503 കപ്പലിൽനിന്ന് വീണ കണ്ടെയ്നറുകൾ തീരത്തടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച് എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലക്കാർക്ക് ജാഗ്രതാനിർദേശം നൽകിയത്.
കപ്പലിൽനിന്ന് കടലിൽ പതിച്ച കണ്ടെയ്നറുകൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മുതൽ എറണാകുളം ജില്ലയുടെ തെക്കുഭാഗത്തും ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ്, ഐ.ടി.ഒ.പി.എഫ് എന്നിവരിൽനിന്ന് വിവരം ലഭിച്ചതായി അതോറിറ്റി വ്യക്തമാക്കുന്നു. ഇത്തരത്തിൽ കപ്പലിൽനിന്ന് വീണതെന്ന് സംശയിക്കുന്ന ഒരു വസ്തുവും കടൽതീരത്ത് കണ്ടാൽ സ്പർശിക്കരുത്. 200 മീറ്ററെങ്കിലും അകലംപാലിച്ച് മാത്രം നിൽക്കുക. ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ 112 നമ്പറിൽ വിളിച്ച് എവിടെയാണ് കണ്ടതെന്ന വിവരം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഈ അറിയിപ്പ് പുറത്തിറങ്ങിയതിനിടെ ചെല്ലാനം തീരത്ത് ചുവന്ന നിറത്തിലുള്ള വീപ്പ അടിഞ്ഞത് ആളുകളിൽ പരിഭ്രാന്തി പരത്തി. ചെല്ലാനം മാലാഖപ്പടി കടപ്പുറത്താണ് തുരുമ്പുപിടിച്ച ടാർ വീപ്പ എത്തിയതായി മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ പൊലീസ്, കോസ്റ്റ്ഗാർഡ്, കോസ്റ്റൽപൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തുകയും ജാഗ്രതാനിർദേശം നൽകുകയും ചെയ്തു. പരിശോധനയിൽ കപ്പലിൽനിന്നുള്ളതല്ലെന്ന് കണ്ടെത്തിയതോടെയാണ് ആളുകൾക്ക് ആശ്വാസമായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സിംഗപ്പൂർ പതാകയേന്തിയ എം.വി വാൻഹായ് 503 കപ്പലിൽ അഴീക്കൽ തുറമുഖത്തിനു സമീപം പൊട്ടിത്തെറിയുണ്ടാകുകയും വൻ തീപിടിത്തത്തിലേക്ക് നയിക്കുകയും ചെയ്തത്. കോസ്റ്റ്ഗാർഡ്, നാവികസേന, വ്യോമസേന തുടങ്ങിയ സംഘങ്ങൾ ദിവസങ്ങളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ ഏറക്കുറെ നിയന്ത്രണവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.