തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന മേധാവിയെ നിലനിർത്തി മറ്റ് ഉന്നതരെയെല്ലാം മാറ്റിയുള്ള വൻ അഴിച്ചുപണിക്ക് പൊലീസിൽ സാധ്യത. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ നടപടി വന്നേക്കും. കഴിഞ്ഞ 10 വർഷം പിണറായി സർക്കാറിന്റെ വിശ്വസ്തരാണെന്ന് തെളിയിക്കാൻ ‘മൽസരിച്ച’ പല ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടാകും. വർഷങ്ങളായി യൂനിഫോം ധരിക്കുന്ന ജോലിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഉദ്യോഗസ്ഥർ മടങ്ങിയെത്തുകയും ചെയ്യും.
ഭരണമാറ്റം പ്രകടമാക്കി ചിലയിടങ്ങളിൽ മാറ്റം വന്നുകഴിഞ്ഞു. എന്നാൽ പൊലീസ് ഉന്നതതലത്തിലെ മാറ്റങ്ങൾ നയപരമായ തീരുമാനമായതിനാൽ സർക്കാർ അധികാരത്തിലേറിയ ശേഷമാണുണ്ടാകുക. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറെ നിലനിർത്തിയാകും അഴിച്ചുപണിയെന്നാണ് വിവരം. എന്നാൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഉള്‍പ്പടെ പ്രധാന കസേരകളിൽ ഇളക്കി പ്രതിഷ്ഠ വന്നേക്കും. പദവി ഉറപ്പിക്കാന്‍ ഇതിനകം തന്നെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും ചരടുവലി ആരംഭിച്ചുകഴിഞ്ഞു.
വർഷങ്ങളായി മുഖ്യമന്ത്രിയല്ല അദ്ദേഹത്തിന്റെ ഓഫിസാണ് പൊലീസിനെ നിയന്ത്രിച്ചിരുന്നതെന്ന ആക്ഷേപം ശക്തമാണ്. അവിടെയുണ്ടായിരുന്ന ഒരു പ്രമുഖനാണ് കാക്കിപ്പടയെ നിയന്ത്രിച്ചതും, എന്തിനും ഏതിനും കേസെടുക്കാൻ നിർദേശിച്ചിരുന്നതുമെന്നും സേനാംഗങ്ങൾ തന്നെ ആരോപിക്കുന്നു. ആഭ്യന്തരവകുപ്പ് കൈയിലെത്തുമ്പോൾ ‘ശുദ്ധീകരണം’ വേണമെന്ന അഭിപ്രായമാണ് യുഡി.എഫിലുള്ളത്. സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ റവാഡ ചന്ദ്രശേഖറിന് ഇനി 14 മാസം കൂടിയുണ്ട്. അതിന് മുമ്പ് അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം യു.ഡി.എഫിലുണ്ടെങ്കിലും സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാകുമെന്നതിനാൽ അത്രയുംനാൾ റവാഡ തുടരാനാണ് സാധ്യത. റവാഡ വിരമിക്കുന്ന 2027 ജൂലൈയിൽ പുതിയ സർക്കാറിന് സ്വന്തം ഡി.ജി.പിയെ നിയമിക്കാനാകും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ആ പദവിയിലെത്താനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടുന്നു.
പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ എ.ഡി.ജി.പി മുതല്‍ എസ്.ഐ വരെ അഴിച്ചുപണി നടത്തുമെന്നത് വ്യക്തം. ക്രമസമാധാന ചുമതലയില്‍ നിന്ന് എച്ച് വെങ്കിടേഷിനെ മാറ്റാനാണ് സാധ്യത. പകരം പി വിജയനോ ദിനേന്ദ്ര കശ്യപോ എത്താനാണ് സാധ്യത. വിജയന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായാല്‍ ദിനേന്ദ്ര കശ്യപിനെ ഇന്റലിജന്‍സ് മേധാവിയാക്കിയേക്കും. ജില്ലാ പൊലീസ് മേധാവിമാരെയും സിറ്റി കമീഷണര്‍മാരെയും മാറ്റുമെന്നതും ഉറപ്പ്. പിണറായി സര്‍ക്കാര്‍ ഇടക്കുവെച്ച് മാറ്റിനിര്‍ത്തിയ യോഗേഷ് ഗുപ്തയെ പ്രധാന പദവിയിലെത്തിക്കാനും ആലോചനയുണ്ട്.
എന്നാല്‍ പുനര്‍ജനി തട്ടിപ്പ് ആരോപണത്തില്‍ വി.ഡി സതീശനെതിരായ റിപ്പോര്‍ട്ട് തയാറാക്കിയത് യോഗേഷ് ഗുപ്ത വിജിലന്‍സ് മേധാവിയായിരിക്കെയാണെന്നത് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അതിനെ എതിര്‍ക്കുന്നുണ്ട്. യു.ഡി.എഫിന്റെ കണ്ണിലെ കരടായി മാറിയ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് എന്ത് തസ്തിക നൽകുമെന്നതും ശ്രദ്ധേയം. മുഖ്യമന്ത്രി പറയുന്ന ‘രക്ഷാപ്രവർത്തനത്തിന്’ നേതൃത്വം നൽകിയ പല ഉദ്യോഗസ്ഥർക്കും മാറ്റമുണ്ടാകും. തങ്ങളുടെ കുട്ടികളെ കൈകാര്യം ചെയ്തത് മറക്കില്ലെന്ന വി.ഡി. സതീശന്റെ പ്രതികരണവും ഇത് വ്യക്തമാക്കുന്നതാണ്. പരസ്യമായി ഇടത് അനുകൂല നിലപാട് സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥരാണ് പലയിടങ്ങളിലും എസ്.എച്ച്.ഒ, എസ്.ഐ തസ്തികകളിൽ ഇരിക്കുന്നത്. ഇവരെയെല്ലാം മാറ്റുമെന്നാണ് വിവരം. ഫലത്തിൽ കേരള പൊലീസിൽ വമ്പൻ അഴിച്ചുപണിയാകും വരും ദിവസങ്ങളിലുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.