തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആധികാരിക വിജയം അമിത ആത്മവിശ്വാസത്തിന് വഴിമാറാതെ നിയമസഭ തെരഞ്ഞെടുപ്പിന് ചിട്ടയോടെ മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ നിർദേശം. ഇടതുഭരണം ജനം മടുത്തുവെന്നും മാറ്റത്തിനായി വോട്ടുചെയ്യാൻ തയാറാണെന്നുമുള്ള നേരത്തെയുള്ള കോർ കമ്മിറ്റി വിലയിരുത്തൽ അടിവരയിരുന്നതാണ് ജനവിധി. ഭരണവിരുദ്ധവികാരം ആഞ്ഞടിച്ചുവെന്ന് മാത്രമല്ല, സ്വർണ്ണകൊള്ള തദ്ദേശഫലത്തിന് ശേഷവും ഇടതുമുന്നണിയെ ശരിക്കും പൊള്ളിക്കുകയാണെന്ന് യോഗം വിലയിരുത്തി. നിലപാടുകൾ മറന്ന് പാരഡിക്കെതിരെ പോലും നടപടിക്കൊരുങ്ങിയ സി.പി.എം നിലപാട് ശബരിമലയിൽ അവർ നേരിടുന്ന കടുത്ത അരക്ഷിതാവസ്ഥയും അസ്വസ്ഥതയും തുറന്നുകാണിക്കുന്നതാണ്. ഈ സാഹചര്യത്തിൽ സ്വർണ്ണക്കൊള്ള വിവാദങ്ങളിലൂന്നിയുള്ള തുടർ പ്രക്ഷാഭങ്ങൾ കരുത്തോടെ പുനരാരംഭിക്കണം.
വോട്ട് ലക്ഷ്യമിട്ട് സി.പി.എം സൃഷ്ടിച്ച സോഷ്യൽ എൻജിനീയറിങ് അടിമുടി പാളി. ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകൾ കൃത്യമായി യു.ഡി.എഫിനെ തുണച്ചു. ഈ സാഹചര്യം നിയമസഭയിലും ആവർത്തിക്കുന്നതിനുള്ള ഇടപെടലുകളുണ്ടാകണം. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിച്ചുനിർത്തിയുള്ള യു.ഡി.എഫിന്റെ രാഷ്ട്രീയശൈലി കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ഒപ്പം മുന്നണിക്കുണ്ടായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കൂടുതൽ കരുത്തോടെ എത്തിക്കുന്നതിനുള്ള കർമപദ്ധതികൾക്ക് യോഗം രൂപം നൽകണമെന്ന നിർദേശവും കോർ കമ്മിറ്റിയിലുയർന്നു.
യു.ഡി.എഫിന് ലഭിച്ച ഈ ജനപിന്തുണ നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിനുള്ള വ്യക്തമായ സൂചനയാണെന്നും യോഗം വിലയിരുത്തി. ഈ അനുകൂല സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പ് വരെ നിലനിർത്താൻ ‘മിഷൻ 2026’ എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമാക്കണം. വിജയം ഉറപ്പിച്ച മേഖലകളിൽ പാർട്ടിയുടെ സ്വാധീനം നിലനിർത്തുന്നതിനും ചെറിയ വോട്ടുകൾക്ക് പരാജയപ്പെട്ട ഇടങ്ങളിൽ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനും അതാത് ഡി.സി.സികളുടെ നേതൃത്വത്തിൽ ഇടപെടലുകളുണ്ടാകണം. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ വിജയസാധ്യത മാത്രം മാനദണ്ഡമാക്കി വേണം സ്ഥാനാർഥികളെ നിശ്ചയിക്കാൻ. കസേര മുൻ നിർത്തിയുള്ള അനാരോഗ്യപ്രവണതകൾ കടന്നുകൂടാതിരിക്കാൻ സംഘടനയൊന്നാകെ ജാഗ്രത പുലർത്തണം. ഘടകകക്ഷികളുമായുളള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കണം. തദ്ദേശ തെരഞ്ഞെടുപ്പിലേത് മാതൃകയിൽ ഒരു മുഴം മുമ്പേ കളത്തിലിറങ്ങുന്നത് നിയമസഭയിലും ഗുണം ചെയ്യും. സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ചക്ക് വളമിടുന്നത് സി.പി.എമ്മാണെന്ന പ്രചാരണം ശക്തമാക്കണമെന്ന നിർദേശവും യോഗത്തിലുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.