എറണാകുളം: മുഖ്യമന്ത്രി തീരുമാനം നീളുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലുൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തകർ തെരുവിലിറങ്ങി. 2006ൽ സി.പി.എം വി.എസ്. അച്യുതാനന്ദന് സ്ഥാനാർഥിത്വം നിഷേധിച്ച സാഹചര്യത്തിന് സമാനമാണിത്. കണ്ണൂരിൽ കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫിന്റെ മണ്ഡലത്തിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടനത്തിൽ പട നയിച്ചവൻ കേരളം നയിക്കട്ടെ എന്നെഴുതി ഉമ്മൻചാണ്ടിയും വി.ഡി. സതീശനും ഒരുമിച്ചുള്ള പോസ്റ്ററുകൾ ഉയർന്നു. വ്യാഴാഴ്ച രാവിലെ മുതൽ സമൂഹമാധ്യമങ്ങൾവഴി പ്രകടനം സംബന്ധിച്ചു പ്രചാരണം ഉണ്ടായിരുന്നെങ്കിലും സംഘാടകർ ആരെന്നു വെളിപ്പെടുത്തിയിരുന്നില്ല.
വൈകീട്ട് 5.30ഓടെ നഗരത്തിൽ ഒത്തുചേർന്നു പ്രകടനം തുടങ്ങുകയായിരുന്നു. കോൺഗ്രസ്, ലീഗ് പ്രവർത്തകരാണ് പ്രധാനമായി പ്രകടനത്തിൽ പങ്കെടുത്തത്. സണ്ണി ജോസഫിന്റെ വിജയത്തിനുവേണ്ടി അക്ഷീണം പ്രവർത്തിച്ചവരാണു തങ്ങളെന്നും ഇക്കാര്യത്തിൽ സണ്ണി ജോസഫിൽനിന്ന് വി.ഡി.സതീശനു അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നും സണ്ണി ജോസഫിനുകൂടി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ പറഞ്ഞു. വി.ഡി. സതീശന്റെ ജന്മനാടായ എറണാകുളം നെട്ടൂരിൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി, കോൺഗ്രസ് പ്രവർത്തകർ വ്യാഴാഴ്ച വൈകിട്ട് പ്രകടനം നടത്തി. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന ഫ്ലക്സ് ഉയർത്തിയായിരുന്നു പ്രകടനം. ‘ജനഹിതം അട്ടിമറിക്കരുത് -പട നയിച്ചവൻ നാടുഭരിക്കട്ടെ’ എന്ന ബാനർ ഉയർത്തി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കൊടുങ്ങല്ലൂരിൽ ആവേശവും പ്രതിഷേധവും ഇരമ്പിയ പ്രകടനം.
വ്യാഴാഴ്ച വൈകീട്ട് നടന്ന പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ‘പോരാട്ടത്തിൻ നാളുകളിൽ മുന്നിൽനിന്ന് നയിച്ചവനെ, വി.ഡി. സതീശാ പോരാളി, കേരളമാകെ വീശിയടിച്ച യു.ഡി.എഫിൻ തേരോട്ടത്തിൽ തേര് തെളിച്ചൊരു പോരാളി, ജനാഭിലാഷം അട്ടിമറിച്ചാൽ ജനരോഷങ്ങൾ ആളിപ്പടരും’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനക്കാർ ഉയർത്തി. കൊടുങ്ങല്ലൂർ നഗരസഭ പ്രതിപക്ഷ നേതാവായിരുന്ന ഗിരീഷ് കുമാറിന്റെ അനുസ്മരണ സമ്മേളനത്തിനെത്തിയവരിൽ ചുരുക്കം പേരൊഴികെ ഏതാണ്ടെല്ലാവരും പ്രകടനത്തിൽ അണിനിരന്നു.
കൊല്ലം കൊട്ടാരക്കര എഴുകോണിൽ വി.ഡി. സതീശനെ അനുകൂലിച്ച് പ്രവർത്തകർ പ്രകടനം നടത്തി. കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും പിന്തുണ പ്രഖ്യാപിക്കുന്ന ഫ്ലക്സ് ബോർഡുകൾ പത്തനാപുരം, കുന്നത്തൂർ മണ്ഡലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. തൊടുപുഴയിൽ ഡി.സി.സി ജനറൽ സെ്ക്രട്ടറി വി.എ. താജുദ്ദീന്റെ നേതൃത്വത്തിലും സതീശൻ അനുകൂല പ്രകടനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.