രക്തസാക്ഷി ഫണ്ടുൾപ്പെടെ കോടികൾ മുക്കിയെന്ന പരാതി; സംഘർഷ ഭൂമിയായി പയ്യന്നൂർ

പയ്യന്നൂർ: സി.പി.എം കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ ഭൂകമ്പത്തിൽ ഇളകിമറിഞ്ഞ് പയ്യന്നൂർ. രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ കോടികളുടെ അഴിമതി നടന്നു​വെന്ന വെളിപ്പെടുത്തലി​നെ തുടർന്നുണ്ടായ സംഭവത്തിൽ വൻ സംഘർഷമാണ് നടന്നത്.

സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ തമ്മിൽ നഗരത്തിൽ ഏറ്റുമുട്ടി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

ആരോപണ വിധേയനായ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രകടനത്തിനുനേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് പയ്യന്നൂർ സെൻട്രൽ ബസാറിൽ വെച്ച് ആക്രമണമുണ്ടായത്‌. അപ്രതീക്ഷിത ആക്രമണത്തിൽ പലരും തലയടിച്ച് നിലത്തു വീണു. വീണു കിടക്കുന്നവരെ വടി കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തതായും ആരോപണമുണ്ട്.

ഈ സമയം പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അവർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. പരിക്കേറ്റ ഡി.സി.സി ജനറൽ സെക്രട്ടറി എ.പി.നാരായണൻ (70), ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.രൂപേഷ് (49). വെള്ളൂർ മണ്ഡലം പ്രസിഡൻ്റ് കെ.ടി.ഹരീഷ് (48), വെള്ളൂരിലെ ടി.രാജൻ (66) എന്നിവരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനു ശേഷമാണ് നഗരത്തിൽ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തിയത്.ഈ പ്രകടനത്തിനു നേരെയും അക്രമം നടന്നു.ഇ രു വിഭാഗവും ഏറെ നേരം ടൗണിൽ ഏറ്റുമുട്ടി. വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നു.ഇരു വിഭാഗങ്ങളും തമ്മിൽ കൊടികെട്ടിയ വടിയും മറ്റുമായി അടി തുടങ്ങിയതോടെ പൊലീസ് ഇടപെട്ട് പിടിച്ചു മാറ്റി.പരിക്കേറ്റ ബി.ജെ.പി പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

അതേ സമയം സഹകരണ ആശുപത്രി, പയ്യന്നൂർ സർവീസ് ബാങ്ക്, എം.എൽ.എ ഓഫിസ് എന്നിവക്കു നേരെ കോൺഗ്രസ് അക്രമമുണ്ടായതായി സി.പി.എം ആരോപിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എക്കെതിരെയുണ്ടായ വ്യാജവെളിപ്പെടുത്തലിന്റെ മറവിൽ പ്രതിഷേധവുമായി എത്തിയ കോൺഗ്രസുകാർ എം.എൽ.എയുടെ ഓഫിസിനു നേർക്ക് ആക്രമണം നടത്തിയെന്നാണ് സി.പി.എമ്മിന്റെ പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രകടനം നടത്തി.

Tags:    
News Summary - Complaint that crores of rupees including martyrs' fund were sunk; Payyannur becomes a conflict zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.