കൊച്ചി: ഭവനനിർമാണത്തിന് നേരത്തേ അനുമതി നിഷേധിച്ചിരുന്ന അപേക്ഷകർക്ക് തീരദേശ നിയന്ത്രണ മേഖലയുടെ ദൂരപരിധി സംബന്ധിച്ച് നിയമത്തിൽ ഭേദഗതി വന്ന സാഹചര്യത്തിൽ അനുമതി നൽകാൻ ഹൈകോടതി ഉത്തരവ്.
2011ലെ തീരദേശ നിയന്ത്രണ മേഖല നിയമ പ്രകാരം അനുമതി നിഷേധിക്കപ്പെട്ട വൈപ്പിൻ എടവനക്കാട് സ്വദേശിനി ദീപ്തി സുരേഷിന്റെ ഹരജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. തൂമ്പ് (സ്ലൂയിസ് ബണ്ട് ഗേറ്റ്) വേലിയേറ്റ രേഖയായി കണക്കാക്കി വീട് നിർമാണത്തിന് പഞ്ചായത്ത് പെർമിറ്റ് നൽകണമെന്നാണ് ഉത്തരവ്.
തീര നിയന്ത്രണ വിജ്ഞാപന പ്രകാരം നിർമാണ നിരോധിത മേഖലയിൽപെട്ട സ്ഥലങ്ങളിൽ പൊക്കാളി പാടങ്ങൾ, ചെമ്മീൻ കെട്ടുകൾ മുതലായ സ്ഥലങ്ങളിൽ വേലിയേറ്റ രേഖ വരുന്നിടത്ത് സ്ലൂയിസ് ബണ്ട് ഗേറ്റുകൾ ഉണ്ടെങ്കിൽ നിരോധനത്തിനുള്ള അകലം കണക്കാക്കേണ്ടത് ബണ്ട് ഗേറ്റിൽനിന്നാണെന്ന് ഭേദഗതി ഉണ്ടായെങ്കിലും അതുസംബന്ധിച്ച് മാപ്പ് പുറത്തിറങ്ങിയത് കഴിഞ്ഞ നവംബറിലാണ്. നേരത്തേ വരമ്പാണ് അതിർത്തിയായി കണക്കാക്കിയിരുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീട് നിർമാണത്തിന് പെർമിറ്റ് ലഭിക്കാൻ ഇപ്രകാരം തടസ്സമുള്ളതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.