കണ്ണൂർ: മൈതാനപ്പള്ളി, തയ്യിൽ പ്രദേശങ്ങൾ കടലാക്രമണ ഭീഷണിയിൽ. ഇവിടങ്ങളിലെ നൂറോളം കുടുംബങ്ങളാണ് ഭീഷണി നേരിടുന്നത്. ഇവരിൽ പന്ത്രണ്ടോളം കുടുംബങ്ങളെ സമീപത്തെ അരയസമാജം ഓഡിറ്റോറിയത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആർത്തലച്ചുവരുന്ന തിരമാലകൾ രണ്ടും മൂന്നും മീറ്ററിലധികം ഉയർന്നാണ് കരയിലേക്ക് അടിച്ചുകയറുന്നത്. ഇവിടത്തെ വീടുകളുടെ അകത്തളങ്ങളിലേക്കുവരെ വെള്ളം കയറുന്നുണ്ട്.
ഞായറാഴ്ച മുതൽ ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരുന്നു. തിങ്കളാഴ്ചയോടെ തിരമാലകൾക്ക് ശക്തികൂടി. കടലേറ്റത്തെ പ്രതിരോധിക്കുന്നതിന് ഈ ഭാഗങ്ങളിൽ സ്ഥാപിച്ച കരിങ്കൽ ഭിത്തികൾ തകർന്നിട്ടുണ്ട്. ഇതാണ് കരയിലേക്കുള്ള കടലേറ്റത്തിന് കാരണം.
കോർപറേഷൻ മേയർ സി. സീനത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.ഒ. മോഹനൻ, ആയിക്കര ഡിവിഷൻ കൗൺസിലർ സി. സമീർ, നീർച്ചാൽ കൗൺസിലർ മീനാസ് തമ്മിട്ടോൺ, എ.ഡി.എം ഇ.പി. മേഴ്സി, തഹസിൽദാർ പ്രകാശൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ആഷിക്ക് തോട്ടോൻ, ഷാജു, വില്ലേജ് ഓഫിസർ സുനിൽ കുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
തുടർന്ന് മേജർ ഇറിഗേഷൻ എൻജിനീയറെ വിളിച്ചുവരുത്തി തുടർ നടപടികളെക്കുറിച്ച് ആലോചിച്ചു. തകർന്ന കടൽഭിത്തി കെട്ടാനാവശ്യമായ പ്രവൃത്തി അടുത്ത ദിവസം തന്നെ തുടങ്ങാൻ എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.