representative image

തെരുവുനായ്​ ശല്യം: ബാലാവകാശ കമീഷനും സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: തെരുവുനായ്​ ശല്യം ഇല്ലാതാക്കുന്നതിന്​ നടപടി എടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമീഷനും സുപ്രീംകോടതിയിൽ. സംസ്ഥാനത്ത്​ കുട്ടികള്‍ക്കെതിരെ തെരുവുനായ്​ക്കളുടെ അക്രമം കൂടുന്നതായും അടിയന്തരനടപടി സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ്​ കമീഷൻ സുപ്രീം​കോടതിയുടെ പരിഗണനയിലുള്ള കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിരിക്കുന്നത്​.

തെരുവുനായ്​ അക്രമം സംബന്ധിച്ച് തങ്ങള്‍ക്ക് അനവധി പരാതികള്‍ ലഭിച്ചതായി കമീഷന്‍ അപേക്ഷയിൽ പറയുന്നു. 2019ല്‍ 5794 തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്​. 2020ല്‍ 3951 കേസുകള്‍, 2021ല്‍ 7927 കേസുകള്‍, 2022ല്‍ 11,776 കേസുകളും 2023 ജൂണ്‍ 19വരെ 6276 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജൂണില്‍ കണ്ണൂരില്‍ ഒരുകൂട്ടം തെരുവുനായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് നിഹാല്‍ എന്ന ഓട്ടിസം ബാധിച്ച 11 വയസ്സുകാരന്‍ മരിച്ചതും കമീഷൻ ഹരജിയില്‍ ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കള്‍ കുട്ടികളെയും വലിയവരെയും ആക്രമിക്കുകയും സ്വത്ത് നശിപ്പിക്കുകയും ആളുകളില്‍, പ്രത്യേകിച്ച് കുട്ടികളില്‍ ഭയം സൃഷ്ടിക്കുകയും ചെയ്യുന്നു.

അപകടകാരികളായ നായ്ക്കളെ കൊന്നൊടുക്കുക മാത്രമാണ് തെരുവുനായ് ശല്യം പരിഹരിക്കാനുള്ള പോംവഴിയെന്നാണ് കമീഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്​.

അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ല പഞ്ചായത്ത് നല്‍കിയ അപേക്ഷ ജൂലൈ 12ന് വാദംകേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. കേസിലെ എല്ലാ എതിര്‍കക്ഷികളോടും ജൂലൈ ഏഴിനകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്​. 

Tags:    
News Summary - Child Rights Commission also in the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.