ന്യൂഡൽഹി: ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള എല്ലാ രഹസ്യ ധാരണകളും അന്തർധാരയും എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും ആ ജാള്യം മറച്ചുവെക്കാനാണ് പിണറായിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗമെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുണ്ടാക്കിയ ധാരണ ആർക്കാണ് അറിയാത്തത്. ബി.ജെ.പി അധ്യക്ഷനായിരിക്കേ കണ്ണൂർ വിമാനത്താവളത്തിൽ ചുവന്ന പരവതാനി വിരിച്ചത് പിണറായി വിജയനല്ലേ എന്നും ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുല്ലപ്പള്ളി ചോദിച്ചു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പരസ്പരം പ്രകീർത്തിച്ച് സംസാരിക്കുന്നതും കേരളം കണ്ടതാണ്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായി മുഖ്യമന്ത്രി വിദേശ യാത്ര നടത്തിയില്ലേ എന്നാണ് അമിത് ഷാ ശംഖുമുഖത്ത് നടത്തിയ പ്രസംഗത്തിൽ ചോദിച്ചത്. ആഭ്യന്തരമന്ത്രിയായ അദ്ദേഹത്തിന് അങ്ങനെ കൃത്യമായ വിവരം ഉണ്ടെങ്കിൽ എന്തുകൊണ്ട് ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. സ്വർണക്കടത്തിൽ ദുരൂഹ മരണം നടന്നിട്ടുണ്ടെങ്കിൽ എന്തിനു മറച്ചുവെക്കണമെന്നും അദ്ദേഹം ചോദിച്ചു.
മുസ്ലിം സമുദായത്തെ ഏതുകാലത്തും വേട്ടയാടാൻ മുന്നിൽനിന്ന് പ്രവർത്തിച്ചയാളാണ് അമിത് ഷായെന്നു അദ്ദേഹത്തിെൻറ ഗിരിപ്രസംഗം കേരളത്തിൽ വിലപ്പോവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പിക്ക് ഒരു സീറ്റുപോലും കേരളത്തിൽ ലഭിക്കില്ല. പിണറായി-അമിത് ഷാ വാക്പോര് വെറും നാടകമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസ് എങ്ങെന ആവിയായിപ്പോയെന്ന് അമിത് ഷാ പറയണം. സി.പി.എമ്മുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ് ഇതിന് പിന്നിൽ. ദുരൂഹ കൊലപാതകം നടന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.