തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ, നഗരസഭ, കോർപറേഷൻ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് രാവിലെ നടക്കുക. ആദ്യം മുതിർന്ന അംഗം സത്യപ്രതിജ്‌ഞ ചെയ്യും. മുതിർന്ന അംഗമാണ് മറ്റുള്ളവർക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുക. കോർപറേഷനിൽ 11.30നാണ് സത്യപ്രതിജ്‌ഞ. കോർപറേഷനിലും ജില്ല പഞ്ചായത്തിലും കലക്‌ടർമാർക്കാണ് ചുമതല.
നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബർ 21ന് അവസാനിക്കുന്നതിനാലാണ് അവധി ദിനമായിട്ടും അന്നു തന്നെ സത്യപ്രജ്‌ഞ നടത്താൻ തീരുമാനിച്ചത്. ഞായറാഴ്ച സത്യപ്രതിജ്‌ഞ ചെയ്യാൻ സാധിക്കാത്തവർക്ക് മേയർ തെരഞ്ഞെടുപ്പിനു ശേഷമേ അവസരമുണ്ടാകൂ.
ഓരോ തദ്ദേശ സ്ഥാപനത്തിലും മുതിര്‍ന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ അംഗത്തിന് മുന്നിലാണ് മറ്റുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്യുക. ചടങ്ങിനു ശേഷം സത്യവാചകം ചൊല്ലിക്കൊടുത്ത അംഗത്തിന്റെ നേതൃത്വത്തിൽ ആദ്യ യോഗം ചേരും. ആദ്യ യോഗത്തിലാണ് തദ്ദേശ സ്ഥാപന അധ്യക്ഷനെയും ഉപാധ്യക്ഷനെയും തെരഞ്ഞെടുക്കുന്നതിനുള്ള അജണ്ട സെക്രട്ടറി അവതരിപ്പിക്കേണ്ടത്.
കോര്‍പറേഷനുകളില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസഭകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന് യോഗം തീരുമാനിക്കും. തീരുമാനിക്കുന്ന ദിവസം രാവിലെ അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും.
മൂന്നു ദിവസത്തെ നോട്ടീസ് നല്‍കിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിനാല്‍ ക്രിസ്മസിനു ശേഷമാകും ഈ തെരഞ്ഞെടുപ്പുകള്‍ നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പ് ഇതിനുശേഷമാകും നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ജനുവരി ആദ്യം നടക്കും.
സാധാരണ നിലയിൽ നവംബർ ഒന്നിനാണ് പുതിയ ഭരണസമിതികൾ നിലവിൽ വരേണ്ടത്. എന്നാൽ കോവിഡ് ആയതിനാൽ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിൽ നിന്ന് ഡിസംബറിലേക്ക് മാറ്റിയിരുന്നു. 2020 ഡിസംബർ 21നാണ് ഭരണസമിതികൾ നിലവിൽവന്നത്. ഇനിയുള്ള തദ്ദേശ തെരഞ്ഞെടുപ്പുകൾ ഡിസംബറിലാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.