കടുവ കൊലപ്പെടുത്തിയ പുൽപള്ളി കാപ്പിസെറ്റ് ദേവർഗദ്ദ ഉന്നതിയിലെ മാരന്റെ മൃതദേഹം വനം വകുപ്പിന്റെ വാഹനത്തിൽ വണ്ടിക്കടവ് വനം വകുപ്പ് ഓഫിസിന് മുന്നിലെത്തിക്കുന്നു
പുൽപള്ളി: കഴിഞ്ഞ ദിവസം ചീയമ്പം ഉന്നതിയിലെ ഒരാളുടെ മേക്കാൻവിട്ട പോത്തിനെ കടുവ കൊന്നിരുന്നു. ഈ കടുവയാണോ മാരനെയും കൊന്നതെന്നാണ് സംശയമാണ് ഉയർന്നിരിക്കുന്നത്. ചീയമ്പം 73 എന്ന സ്ഥലത്തുനിന്നും അധികം ദൂരത്തല്ല ദേവർഗദ്ദ. ദേവർഗദ്ദയോടു ചേർന്ന വനപ്രദേശത്താണ് മാരനെ കടുവ കൊന്നത്.
പ്രദേശത്ത് കടുവയുടെ സാന്നിധ്യം സമീപ ദിവസങ്ങളിലുണ്ടായിരുന്നതായും ഉന്നതിക്കാർ പറഞ്ഞു. നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ആദ്യം വനം വകുപ്പ്. എന്നാൽ, പ്രതിഷേധം ഉയർന്നതോടെ നഷ്ടപരിഹാരം നൽകാൻ തീരുമാനിക്കുകയായിരുന്നു. ചീയമ്പത്ത് പോത്തിനെ കൊന്ന കടുവ തന്നെയാവാം മാരനെ കൊലപ്പെടുത്തിയതെന്ന സംശയം വനപാലകർക്കുമുണ്ട്.
2025 ജനുവരി 24ന് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ തറാട്ട് മീൻമുട്ടി അച്ചപ്പന്റെ ഭാര്യ രാധ (46) യെ കടുവ കൊന്ന് ശരീരം ഭക്ഷിച്ചിരുന്നു. ഇതിനുശേഷമുള്ള കടുവ ആക്രമണം മൂലമുള്ള മരണമാണ് ശനിയാഴ്ച പുൽപള്ളിയിലുണ്ടായത്. കാപ്പിസെറ്റ് ദേവർഗദ്ദ ഉന്നതിയിലെ ആദിവാസി വയോധികനായ മാരനെയാണ് (കൂമൻ -65) വനാതിർത്തിയിൽ വിറക് ശേഖരിക്കുന്നതിനിടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരി കുള്ളിക്കൊപ്പം വിറക് ശേഖരിക്കാൻ പോയ മാരനെ പുഴയോരത്തു നിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു. കടുവ മാരന്റെ മുഖം കടിച്ചെടുത്തിരുന്നു.
അതേസമയം, നഗരപ്രദേശങ്ങളിൽ പോലും വന്യജീവികളെത്തുന്ന കാഴ്ചയാണ് വയനാട്ടിലിപ്പോൾ. കഴിഞ്ഞ ദിവസമാണ് പച്ചിലക്കാട് പടിക്കംവയലിലെ ജനവാസകേന്ദ്രത്തിൽ കടുവഇറങ്ങി പരിഭ്രാന്തി പരത്തിയത്. പിന്നീട് ഈ കടുവ വനത്തിലേക്ക് പോയെന്നാണ് വനം വകുപ്പ് അധികൃതർ പറഞ്ഞത്. നിത്യജീവിതത്തെ കീഴ്മേൽ മറിക്കുന്ന രൂപത്തിൽ വയനാട്ടിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമ്പോഴും പരിഹാരം അകലുകയാണ്. ഈ വർഷം ഇത് രണ്ടാമത്തെയാളെയാണ് കടുവ വയനാട്ടിൽ കൊന്നത്.
ഈ വർഷം ജനുവരിയിൽ മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കാപ്പി പറിക്കാനെത്തിയ രാധയെ കടുവ കൊന്നിരുന്നു. ശനിയാഴ്ച പുൽപള്ളി കാപ്പിസെറ്റ് ദേവർഗദ്ദ ഉന്നതിയിലെ മാരനെയാണ് (കൂമൻ -65 ) വനാതിർത്തിയിൽ വിറക് ശേഖരിക്കുന്നതിനിടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതായിരിക്കട്ടെ ഇത്തരത്തിലുള്ള അവസാന മരണമെന്ന് ആഗ്രഹിക്കുകയാണ് വയനാട്ടുകാർ. 2016 മുതൽ 2025 ജനുവരി 24 വരെയുള്ള കാലയളവിൽ കേരളത്തിൽ വന്യജീവി ആക്രമണങ്ങളിൽ ആകെ 941 പേരാണ് കൊല്ലപ്പെട്ടത്.
വയനാട്ടിൽ മാത്രം കഴിഞ്ഞ പത്തു വർഷത്തിനിടെ ഒമ്പതുപേരെയാണ് കടുവ കൊന്നത്. 44 പേർ കാട്ടാന ആക്രമണത്തിലും കൊല്ലപ്പെട്ടു. ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിലായിരുന്നു മുമ്പ് വന്യമൃഗങ്ങളെ പേടിക്കേണ്ടതെങ്കിൽ ഇപ്പോൾ എല്ലായിടവും ഭീതിയിലാണ്. പുൽപള്ളി, മേപ്പാടി, തിരുനെല്ലി, മാനന്തവാടി ഭാഗങ്ങളിൽ കാട്ടാനയും മുള്ളൻകൊല്ലി, സുൽത്താൻ ബത്തേരി ഭാഗങ്ങളിൽ കടുവയുമാണ് പ്രധാന ഭീഷണി. കർണാടക അതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ കാട്ടാനയും കടുവയും പുലിയുമടക്കം വിഹരിക്കുന്നു. എന്നാൽ, നിലവിൽ കൽപറ്റ നഗരസഭയിലെ പെരുന്തട്ട ഭാഗത്തടക്കം കടുവയുടെയും പുലിയുടെയും ഭീഷണിയിലാണ്. അടുത്തിടെ മൂന്ന് കടുവ കുഞ്ഞുങ്ങളെയും തള്ളക്കടുവയെയുമാണ് കൽപറ്റ നഗരത്തിനടുത്ത് കണ്ടത്.
കേരളത്തിൽ വന്യമൃഗങ്ങൾ പെരുകുകയാണെന്നാണ് കർഷക സംഘടനകൾ പറയുന്നത്. 2022 ലെ കണക്കെടുപ്പനുസരിച്ച് കേരളത്തിൽ 213 കടുവകളാണുള്ളത്. 2018ൽ ഇത് 190 ആയിരുന്നു. വയനാട്ടിലാണ് കൂടുതൽ കടുവകളുള്ളത് 84 എണ്ണം. വന്യജീവികളുടെ ആവാസകേന്ദ്രങ്ങളിലേക്ക് കടന്നുകയറിയുള്ള കൃഷി വന്യമൃഗങ്ങളുടെ ആക്രമണത്തിന് പ്രധാനകാരണമാണ്. മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന തരത്തിലുള്ള നിയമമാണ് എല്ലാത്തിനും കാരണമെന്നാണ് കർഷക സംഘടനകളടക്കം പറയുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ സംരക്ഷണമുറപ്പുവരുത്തുന്ന തരത്തിൽ നിയമത്തിൽ ഭേദഗതി വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.