പാലക്കാട്: പാലക്കാട് വാളയാറിൽ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ബംഗ്ലാദേശി എന്നാരോപിച്ച് തല്ലിക്കൊന്ന സംഭവത്തിൽ സ്ത്രീകൾക്കും പങ്കുണ്ടെന്ന് പൊലീസ് നിഗമനം. കൊലപാതകത്തിൽ പ്രതികളായ ബി.ജെ.പി പ്രവർത്തകരടങ്ങുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നത്.
രണ്ടുമണിക്കൂറിലേറെ നീണ്ട ആക്രമണത്തിനാണ് രാംനാരായണൻ ഇരയായത്. ഇതിനിടെ ചില സ്ത്രീകളും മർദിക്കുകയായിരുന്നു. പുതുതായി അന്വേഷണം ഏറ്റെടുത്ത ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം പരിശോധിക്കും. സംഭവ സമയത്ത് ചിത്രീകരിച്ച വിഡിയോ വിശദമായി പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. രാംനാരായണനെ ആക്രമിച്ച പതിനഞ്ചോളം പേരിൽ ചിലർ നാടുവിട്ടെന്നാണ് നിഗമനം. ഇവരെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.
നിലവിൽ പിടിയിലായവർ മുമ്പ് നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. നാലുപേർ ബി.ജെ.പി അനുഭാവികളാണ്. ഒന്ന്, മൂന്ന് പ്രതികളായ മുരളി, അനു എന്നിവർ 15 വർഷം മുമ്പ് അട്ടപ്പള്ളത്ത് സി.ഐ.ടി.യു തൊഴിലാളിയായ സ്റ്റീഫനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിനോദിനെയും വെട്ടിയ കേസിൽ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈകോടതിയിൽ നടക്കുകയാണ്.
ഒന്നാം പ്രതി അനുവിനെതിരെ വാളയാർ, കസബ സ്റ്റേഷനുകളിലായി 15 അടിപിടിക്കേസുകളുണ്ട്. രണ്ടാം പ്രതി പ്രസാദിനെതിരെ വാളയാറിൽ രണ്ടു കേസുകളും മൂന്നാം പ്രതി മുരളിക്കെതിരെ രണ്ടു കേസുകളുമുണ്ട്. നാലാം പ്രതി ആനന്ദനെതിരെ ഒരു കേസും അഞ്ചാം പ്രതി വിപിനെതിരെ മൂന്നു കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാളയാർ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ആൾക്കൂട്ടക്കൊലപാതകമെന്ന നിലയിലാണ് കേസ് പരിഗണിക്കുന്നതെന്നും പ്രതികളുടെ രാഷ്ട്രീയം വേർതിരിച്ച് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് അധികൃതർ പറഞ്ഞു.
അതിനിടെ, രാംനാരായണിന്റെ ശരീരത്തിൽ അടിയേറ്റ് കേടുപാടില്ലാത്ത ഒരിടം പോലും കണ്ടില്ലെന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത തൃശൂർ മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. ‘പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും -എല്ലായിടത്തും ക്രൂരതയുടെ അടയാളങ്ങൾ. അത് ഒരു നിമിഷത്തെ കോപമല്ല, കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്തിൻറെ പൂർണ്ണ അഭാവവും ആയിരുന്നു. കൂട്ടമർദ്ദനം നടത്തിയവരിൽ ഒരാളെങ്കിലും “ഇത് വേണ്ട” എന്ന് പറഞ്ഞിരുന്നെങ്കിൽ, ഒരാൾ പോലും കൈ ഉയർത്താതിരുന്നെങ്കിൽ, ഇന്ന് ഒരു മനുഷ്യൻ ജീവനോടെ ഉണ്ടാകുമായിരുന്നു’ എന്നാണ് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞത്.
പ്രിയരേ,
നിങ്ങളുമായി സംവദിച്ചിട്ടു ഒത്തിരി നാളായി. ഇന്ന് എന്റെ മനസ്സിനെ അത്യന്തം വേദനിപ്പിച്ച ഒരു പോസ്റ്റ്മോർട്ടം പരിശോധനയുടെ അനുഭവത്തെക്കുറിച്ച്, ഒരു ഡോക്ടറായും ഒരു മനുഷ്യനായും, പൊതുസമൂഹത്തോട് ചിലത് പറയണം എന്ന് തോന്നി. ജോലി തേടി നമ്മുടെ നാട്ടിലെത്തിയ ഒരു അതിഥി തൊഴിലാളിയെ കൂട്ടമായി നാം തല്ലിക്കൊന്നു. സ്വയം “പ്രബുദ്ധർ” എന്ന് ഉറക്കെ അവകാശപ്പെടുന്ന കേരളീയർ – മലയാളികൾ തന്നെയാണ് ഇത് ചെയ്തത് എന്നത് നമ്മെ കൂടുതൽ ലജ്ജിപ്പിക്കേണ്ട കാര്യമാണ്. ഇതിന്റെ മുമ്പിൽ കേരളസമൂഹം തല താഴ്ത്തണം. ചണ്ഡീഗഡിൽ നിന്ന് പുതുതായി ജോലിക്കെത്തിയ ആ മനുഷ്യൻ, ഗൃഹാതുരത്വം കൊണ്ടും ജീവിതസമ്മർദ്ദങ്ങൾ കൊണ്ടും മാനസികമായി തളർന്നുപോയ ഒരു സാധുവായിരുന്നു. അവനെ നാം തെരുവിൽ വീണു മരിക്കാൻ വിധിച്ചു.
പോസ്റ്റ്മോർട്ടം പരിശോധനയിൽ, ശരീരത്തിൽ അടിയേറ്റ് കേടുപാടില്ലാത്ത ഒരിടം പോലും കണ്ടില്ല. പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും —എല്ലായിടത്തും ക്രൂരതയുടെ അടയാളങ്ങൾ. അത് ഒരു നിമിഷത്തെ കോപമല്ല, കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്തിൻറെ പൂർണ്ണ അഭാവവും ആയിരുന്നു. കൂട്ടമർദ്ദനം നടത്തിയവരിൽ ഒരാളെങ്കിലും “ഇത് വേണ്ട” എന്ന് പറഞ്ഞിരുന്നെങ്കിൽ, ഒരാൾ പോലും കൈ ഉയർത്താതിരുന്നെങ്കിൽ, ഇന്ന് ഒരു മനുഷ്യൻ ജീവനോടെ ഉണ്ടാകുമായിരുന്നു . അയാളുടെ കുടുംബത്തോട് കേരളസമൂഹം കടപ്പെട്ടിരിക്കുന്നു . സഹജീവിയെ തല്ലിക്കൊന്ന മനുഷ്യൻ മൃഗത്തേക്കാൾ ഭീകരനാണ്. ഇത്തരം ക്രൂരതയെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ നമ്മിൽ ആരും പാടില്ല. അത്തരക്കാരെ നിയമത്തിന് വിട്ടുകൊടുക്കുക. സംരക്ഷിക്കരുത്. ന്യായീകരിക്കരുത്. മൗനം പാലിക്കരുത്.
ഇനിയും ഇതാവർത്തിക്കാതിരിക്കണമെങ്കിൽ, ഓരോ മലയാളിയും ഉണരണം. മനുഷ്യജീവിതത്തിന്റെ വില നമ്മുടെ വാക്കുകളിലല്ല, നമ്മുടെ പ്രവർത്തികളിലാണ് തെളിയേണ്ടത്
പ്രതീക്ഷയോടെ
ഹിതേഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.