തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ കസേരച്ചർച്ചകൾക്ക് കെ.പി.സി.സി പൂട്ടിട്ടതിന് പിന്നാലെ ചെന്നിത്തലയുടെ രാഷ്ട്രീയ യാത്രകൾ വിശദീകരിച്ച് ഇംഗ്ലീഷ് ദിനപ്പത്രത്തിൽ പരസ്യസ്വഭാവത്തിൽ ഫോക്കസ് ഫീച്ചർ. ‘ലോങ് മാർച്ച് ഓഫ് എ കോൺഗ്രസ് മാൻ’ എന്ന തലക്കെട്ടിൽ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഞായറാഴ്ച സപ്ലിമെന്റിലാണ് ഫീച്ചർ പ്രസിദ്ധീകരിച്ചത്.
ഫീച്ചറിലെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി എ. പ്രജിൻബാബുവിന്റേത് മാത്രമാണെന്നും പത്രത്തിന് അതുമായി ബന്ധമില്ലെന്ന് കൂടി പത്രം വ്യക്തമാക്കിയോടെ പണം നൽകിയുള്ള പരസ്യമാണെന്ന് ഉറപ്പായി. നാല് പതിറ്റാണ്ടിലേറെയായി സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപിച്ച നേതാവാണ് രമേശ് ചെന്നിത്തല എന്നതടക്കം പരാമർശങ്ങളും വ്യക്തി ജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും മൂഹൂർത്തങ്ങളുമടക്കം അടയാളപ്പെടുത്തിയാണ് ഫീച്ചർ തയാറാക്കിയിരിക്കുന്നത്.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പഴയകാല സമരചിത്രങ്ങളുമടക്കം ഉൾപ്പെടുത്തി. താഴേത്തട്ടിൽ നിന്ന് അധികാരത്തിന്റെ ഇടനാഴികളിലേക്ക്, സംഘടന മനുഷ്യൻ, ജനകീയ നേതാവ്, പ്രതിപക്ഷത്തെ മൂർച്ചയേറിയ ശബ്ദം.. എന്നിങ്ങനെയാണ് ഫോക്കസ് ഫീച്ചറിലെ തലക്കെട്ടുകൾ. വോട്ടെണ്ണാൻ ദിവസങ്ങൾ മാത്രം ശേഷിക്കയുള്ള പരസ്യത്തിന് പിന്നിൽ പല സംശയങ്ങളും ഉയരുന്നുണ്ട്. അതേസമയം ഇത് പണം നൽകിയുള്ള പരസ്യമല്ലെന്നും ഫീച്ചറിലെ ഉള്ളടക്കം നൽകിയത് താനാണെന്നും അതാണ് പത്രം ഡിസ്ക്ലൈമറിൽ പറഞ്ഞതെന്നും എ. പ്രജിൻബാബു മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.