തൊടുപുഴ: സംസ്ഥാനത്ത് അതിതീവ്ര മഴയുടെ ആവൃത്തി വർധിക്കുമെന്നും ഓരോ വർഷവും കുറഞ്ഞത് ഒരു അതിതീവ്ര മഴയെങ്കിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ പഠനങ്ങൾ. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന അതിശക്തമായ മഴ സംസ്ഥാനത്തെ പല പ്രദേശങ്ങളെയും വെള്ളത്തിലാക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിഷ്കരിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്ക് പ്രകാരം ശരാശരി 55.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 184.2 മി.മീ മഴയാണ് സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ പെയ്തത്. ശക്തമായ മഴക്കൊപ്പം നദികളിലെയും തോടുകളുടെയും ജലവാഹക ശേഷി കുറഞ്ഞതും ജല സംഭരണികളുടെ ശേഷി വ്യതിയാനവും പ്രളയ സമാന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
അപര്യാപ്തമായ ഡ്രെയിനേജ് സംവിധാനങ്ങൾക്ക് അതിതീവ്ര മഴയെ ഉൾക്കൊള്ളാൻ സാധിക്കാത്തത് നഗര പ്രദേശങ്ങളെ വെള്ളത്തിലാക്കുന്നു. ഒപ്പം നഗരവത്കരണവും വയലുകളും തണ്ണീർത്തടങ്ങളും ജലാശയങ്ങളും നികത്തുന്നതും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലം വർധിച്ചു വരുന്ന വെല്ലുവിളികളെ നേരിടാൻ അടിസ്ഥാന സൗകര്യങ്ങൾ പരിഷ്കരിക്കുന്നതിലൂടെ മാത്രമേ കഴിയൂ എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇതിന്‍റെ ഭാഗമായി സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് 2030 വരെയുള്ള കാലയളവിലേക്ക് പുതുക്കിയ സംസ്ഥാന കാലാവസ്ഥ വ്യതിയാന കർമ പദ്ധതി വിഭാവനം ചെയ്യുകയും ഇതിലൂടെ സംസ്ഥാനത്തിന്‍റെ കാലാവസ്ഥ പ്രൊഫൈൽ, സംയോജിത കാലാവസ്ഥ വ്യതിയാന ദുർബലത വിശകലനം, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ശിപാർശകൾ എന്നിവ വിശകലനം ചെയ്ത് മുൻഗണന അർഹിക്കുന്ന മേഖലകളിൽ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നുമുണ്ട്. ഇതിൽ പ്രളയാഘാതം കുറക്കുന്നതിനു വേണ്ട സുസ്ഥിര ഡ്രെയിനേജ് സംവിധാനങ്ങൾ, സംയോജിതവും ആസൂത്രിതവുമായ തീരദേശ പരിപാലനം, കാലാവസ്ഥ വ്യതിയാന നിരീക്ഷണവും വിവരശേഖരണ വിനിമയ സംവിധാനങ്ങളും അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.
12420 കോടിക്കുള്ള വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുണ്ട്. മഴവെള്ള സംഭരണം, പ്രകൃതിദത്ത നീരൊഴുക്ക് പാതകളുടെ പുനരുദ്ധാരണം, കുന്നിൻ പ്രദേശങ്ങളിലെ ചരിവ് സ്ഥിരത ഉറപ്പാക്കൽ, ഭൂവിനിയോഗ ആസൂത്രണം, ദുരന്തസാധ്യത മേഖലകളുടെ ശാസ്ത്രീയ മാപ്പിങ്, തീര-നദീതട സംരക്ഷണം, കാലാവസ്ഥ പ്രതിരോധ ശേഷിയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവ പ്രധാന ഇടപെടലുകളായി നിർദേശിക്കുന്നു.
ഒപ്പം കാലാവസ്ഥ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ ജല വിഭവങ്ങളുടെ ശാസ്തീയ വിനിയോഗത്തിനും സംരക്ഷണവും ഉറപ്പാക്കുന്നതിനുമായി നിലവിലെ സംസ്ഥാന ജല നയം പരിഷ്കരിക്കുന്നതിനായി ഡ്രാഫ്റ്റിക് കമ്മിറ്റിക്ക് സർക്കാർ രൂപം നൽകി അന്തിമ കരടും തയാറാക്കിയിട്ടുണ്ട്. വിഷയത്തിൽ വിവിധ വകുപ്പുകളുടെ അഭിപ്രായം ആരാഞ്ഞുവരികയാണെന്ന് ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.