തിരുവനന്തപുരം: ഭക്ഷ്യഭദ്രത നിയമത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തിൽ രൂപവത്കരിച്ച എൻ.എഫ്.എസ്.എ ഗോഡൗണുകൾ അടച്ചുപൂട്ടാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. പ്രതിവർഷമുണ്ടാകുന്ന സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള 83 ഗോഡൗണുകൾ പൂട്ടാനുള്ള ശ്രമം കേന്ദ്രം ആരംഭിച്ചത്. എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതിന് പകരം എഫ്.സി.ഐയിൽ നിന്ന് നേരിട്ട് റേഷൻകടകളിലേക്ക് സാധനങ്ങളെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാകുന്നതോടെ, ആയിരക്കണക്കിന് ചുമട്ടുതൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടും.
കേന്ദ്രനീക്കത്തോട് സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ജില്ല സപ്ലൈ ഓഫിസർമാരോട് സിവിൽ സപ്ലൈസ് ഡയറക്ടർ നിർദേശം നൽകി.2013ലെ കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരമാണ് സംസ്ഥാനത്ത് എൻ.എഫ്.എസ്.എ ഗോഡൗണുകൾ നിലവിൽ വന്നത്.
ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യണമെങ്കിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഗോഡൗണുകൾ വേണമെന്ന കേന്ദ്രനിർദേശ പ്രകാരമാണ് സ്വകാര്യ ഗോഡൗണുകൾ വാടകക്കെടുത്ത് എൻ.എഫ്.എസ്.എ ഗോഡൗണുകളാക്കിയത്. എഫ്.സി.ഐയിൽ നിന്ന് സപ്ലൈകോ ഏറ്റെടുക്കുന്ന റേഷൻ, എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ സംഭരിക്കുകയും തുടർന്ന്, റേഷൻകടകളിലേക്ക് വിതരണം നടത്തുകയുമായിരുന്നു.
എഫ്.സി.ഐ, എന്.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് ധാന്യങ്ങൾ എടുക്കുന്നതിനും റേഷൻകടകളിലെത്തിക്കുന്നതിനും പ്രതിവർഷം 600 കോടി രൂപയാണ് ചെലവ്. പദ്ധതി നടപ്പായാൽ ഇത് നാലിലൊന്നായി കുറയും. ഗോഡൗൺ വാടക, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, താൽക്കാലിക-കരാർ ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകളിലും നല്ലൊരു ശതമാനം തുക സംസ്ഥാന സർക്കാറിനും സപ്ലൈകോക്കും ലാഭിക്കാം. അതേസമയം മലയോര മേഖലകളടക്കമുള്ള ചില പ്രദേശങ്ങളിൽ എഫ്.സി.ഐയിൽ നിന്ന് നേരിട്ട് സാധനങ്ങൾ കടകളിലെത്തിക്കുന്നത് പ്രായോഗികമല്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസർമാർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.