വാഹനമിടിച്ച്​ പരിക്കേറ്റ വൃദ്ധയെ തിരിഞ്ഞ്​ നോക്കാതെ ജനങ്ങൾ-VIDEO

ആറ്റിങ്ങല്‍: വയോധികയെ ഇടിച്ചുവീഴ്ത്തി ബൈക്ക് യാത്രികര്‍ നിര്‍ത്താതെ പോയി. അരമണിക്കൂറോളം റോഡില്‍ കിടന്ന വയോധികയെ ആശുപത്രിയിലെത്തിച്ചത്​ പിന്നാലെയെത്തിയ യുവാവ്​. പിന്നീട്​ നടത്തിയ അന്വേഷണത്തിൽ അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ചിരുന്നയാള്‍ പിടിയിലായി. അവനവഞ്ചേരി സ്വദേശി അരുണാണ് അറസ്​റ്റിലായത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിന് സമീപത്താണ് അപകടം. റോഡരികില്‍കൂടി നടന്നുപോയ മത്സ്യക്കച്ചവടക്കാരിയായ ഫിലോമിനയെ (60) പിന്നില്‍ നിന്നെത്തിയ ബൈക്കാണ് ഇടിച്ചുവീഴ്ത്തിയത്. ബൈക്കില്‍ മൂന്ന്​ യാത്രക്കാരാണുണ്ടായിരുന്നത്.

ഇവര്‍ വാഹനം നിര്‍ത്താതെ സ്ഥലംവിട്ടു. റോഡി​​​െൻറ നടുവിൽ വീണുകിടന്ന ഇവരെ ആശുപത്രിയിലെത്തിക്കാനൊ റോഡരികിലേക്ക് മാറ്റിക്കിടത്താനൊ പോലും ആരും തയാറായില്ല. ഇതുവഴി പോയ നിരവധിപേര്‍ വാഹനം വേഗതകുറച്ച് നോക്കിയശേഷം കടന്നുപോകുകയായിരുന്നെന്ന്​ ഫിലോമിന പറയുന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമല്ല സര്‍ക്കാര്‍ വാഹനങ്ങളും ഇതേസമയം കടന്നുപോയിരുന്നു. തിരക്കേറിയ റോഡായിരുന്നിട്ടുകൂടി ഒരാള്‍പോലും ചലനമറ്റുകിടന്ന ഇവരെ സഹായിക്കാന്‍ തയാറായില്ല. ഒടുവില്‍ ഇതുവഴി എത്തിയ മണനാക്ക് സ്വദേശി നൗഫലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്​. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സമീപത്തെ സി.സി ടി.വിയില്‍ അപകട ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇവ പുറത്തായതോടെയാണ് സംഭവം വിവാദമായത്. പൊലീസ് സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തി. ആശുപത്രി വിട്ട ഫിലോമിന മൊഴി നല്‍കാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ രക്ഷകനായ നൗഫലിനെ പൊലീസ് വിളിച്ചുവരുത്തി. പൊലീസിനുവേണ്ടി ഫിലോമിന നൗഫലിനെ പൊന്നാടയണിയിച്ച് ആദരിക്കുകയായിരുന്നു.


 

Tags:    
News Summary - CCTV Shows Kerala Woman Lying Injured On Road, People Walk, Drive By Her-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.