തിരുവനന്തപുരം: തലസ്ഥാനം തുണക്കുന്നവർ സംസ്ഥാനം ഭരിക്കുമെന്നൊരു ചൊല്ലുണ്ട്. ആ ചൊല്ല് അന്വർഥമാക്കാൻ തിരുവനന്തപുരം ജില്ല അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ചൂടിലമർന്നുകഴിഞ്ഞു. മൂന്ന് മുന്നണികളും സ്ഥാനാർഥിനിർണയം പൂർത്തിയാക്കുകയും പ്രധാന സ്ഥാനാർഥികളൊക്കെ പത്രിക സമർപ്പിക്കുകയും ചെയ്തതോടെ നാടിളക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി. 2021ൽ 14 മണ്ഡലങ്ങളിൽ 13ഉം ജയിച്ച് ജില്ല കൈയ്യടക്കിയ എൽ.ഡി.എഫിന് ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നാണ് സ്ഥാനാർഥി നിർണയവും മൽസരചൂടും വ്യക്തമാക്കുന്നത്. അടുത്തിടെ നടന്ന ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളും യു.ഡി.എഫിനും ബി.ജെ.പിക്കും ഒരുപോലെ ആത്മവിശ്വാസം നൽകുന്നു.
ചിറയിൻകീഴ്, ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, പാറശ്ശാല, കോവളം, വർക്കല, നേമം, കാട്ടാക്കട എന്നീ മണ്ഡലങ്ങളാണ് ജില്ലയിൽ വരുന്നത്. ഇതിൽ കോവളത്ത് മാത്രമാണ് കഴിഞ്ഞതവണ യു.ഡി.എഫിന് വിജയിക്കാനായത്. എന്നാൽ, ഇക്കുറി കരുത്തൻമാരെ രംഗത്തിറക്കി ജില്ലയിലെ പല മണ്ഡലങ്ങളും തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 2024ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും മികച്ച വിജയം കൈവരിക്കാൻ സാധിച്ചതും തദ്ദേശ തെരഞ്ഞെടുപ്പിൽ ബഹുദൂരം മുന്നിൽ വരാൻ സാധിച്ചതും യു.ഡി.എഫിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല തങ്ങൾക്കൊപ്പമാണെന്ന് കണക്കുകൾ നിരത്തി എൽ.ഡി.എഫ് വാദിക്കുന്നു. 14 മണ്ഡലങ്ങളിൽ ഒമ്പതെണ്ണത്തിൽ ആധിപത്യം നിലനിർത്താൻ എൽ.ഡി.എഫിന് സാധിച്ചിട്ടുണ്ട്. രണ്ടിടത്ത് യു.ഡി.എഫിനും മൂന്നിടത്ത് ബി.ജെ.പിക്കുമാണ് ആധിപത്യം. എന്നാൽ അതൊക്കെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജലരേഖയാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
മുതിർന്ന നേതാക്കളായ കെ. മുരളീധരനിലൂടെ വട്ടിയൂർക്കാവ്, വി.എസ്. ശിവകുമാറിലൂടെ അരുവിക്കര, എൻ. ശക്തനിലൂടെ നെയ്യാറ്റിൻകര, വർക്കല കഹാറിലൂടെ വർക്കല, കെ.എസ്. ശബരീനാഥനിലൂടെ നേമം, സി.പി. ജോണിലൂടെ തിരുവനന്തപുരം സെൻട്രൽ മണ്ഡലങ്ങൾ പിടിച്ചെടുക്കാനാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ കഴിഞ്ഞതവണത്തെ ആധിപത്യം നിലനിർത്താനാണ് സിറ്റിങ് എം.എൽ.എമാരെ എൽ.ഡി.എഫ് കൂട്ടത്തോടെ മൽസരരംഗത്ത് ഇറക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചെടുക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കാട്ടാക്കട മണ്ഡലങ്ങളിൽ അവർ വിജയപ്രതീക്ഷ വക്കുകയാണ്.
തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, കാട്ടാക്കട, ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിൽ ശക്തമായ ത്രികോണമൽസരത്തിനാണ് ഇക്കുറി വേദിയായിട്ടുള്ളത്. മൂന്ന് മുന്നണികളും ഈ മണ്ഡലങ്ങളിൽ സജീവമായ പ്രചാരണത്തിലാണ്.
ഹോട്ട് സ്പോട്ട് നേമം: പൂട്ടിയത് തുറക്കാനും ഇരട്ടപ്പൂട്ടിട്ട് പൂട്ടിയെന്ന് ഉറപ്പിക്കാനും...
വാശിയേറിയ തീപാറും പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന മൂന്ന് പ്രധാന മണ്ഡലങ്ങളാണ് തലസ്ഥാനത്തുള്ളത്. അക്കൗണ്ട് പൂട്ടിച്ച നേമം തിരിച്ചുപിടിക്കാൻ ബി.ജെ.പിയും അനുവദിക്കില്ലെന്ന വാശിയിൽ സി.പി.എമ്മും കോൺഗ്രസും കരുത്തൻമാരെ ഇറക്കിയതോടെ നേമത്ത് പോരാട്ടം കനക്കുകയാണ്. അതിന് പുറമെ കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും സമാനമായ സ്ഥിതിയാണ്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ഇറക്കി നേമത്ത് വീണ്ടും അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിൽ ബി.ജെ.പി നീങ്ങുമ്പോൾ പൂട്ടിച്ച അക്കൗണ്ട് ഇരട്ടപ്പൂട്ടിട്ട് പൂട്ടിയെന്നുറപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടിയെ ഒരിക്കൽ കൂടി കളത്തിലിറക്കിയിരിക്കുകയാണ് എൽ.ഡി.എഫ്. ഇരുമുന്നണികളുടെയും സ്വപ്നങ്ങൾ തകർത്ത് മണ്ഡലത്തിലെ പഴയ സ്വാധീനം ഉറപ്പിക്കാൻ മുൻ എം.എൽ.എയും നഗരസഭ കൗൺസിലറുമായ കെ.എസ്. ശബരീനാഥനെയാണ് യു.ഡി.എഫ് മൽസരിപ്പിക്കുന്നത്.
കെ. മുരളീധരനിലൂടെ വട്ടിയൂർക്കാവ് മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ ‘മേയർ ബ്രോ’ വി.കെ. പ്രശാന്തിലൂടെ മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ രണ്ടാംസ്ഥാനം ഒന്നാമതാക്കി മാറ്റാൻ മുൻ ഡി.ജി.പിയും നഗരസഭ കൗൺസിലറുമായ ആർ. ശ്രീലേഖയെ ഇറക്കി ബി.ജെ.പിയും പോരാട്ടം ശക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഇക്കുറി ഗുണമാകുമെന്ന പ്രതീക്ഷയിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരനെ ഒരിക്കൽ കൂടി കഴക്കൂട്ടത്ത് മൽസരിപ്പിക്കുകയാണ് ബി.ജെ.പി. എന്നാൽ, ഓരോ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവക്കുന്ന കടകംപള്ളി സുരേന്ദ്രൻ ഇവിടെ ഹാട്രിക് ജയം നേടുമെന്ന് എൽ.ഡി.എഫ് ഉറച്ചുവിശ്വസിക്കുന്നു. പരിചയസമ്പന്നനായ മുൻ എം.എൽ.എ ടി. ശരത്ചന്ദ്രപ്രസാദിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ഇവക്ക് പുറമെ തിരുവനന്തപുരം സെൻട്രൽ, കാട്ടാക്കട മണ്ഡലങ്ങളിലും ശക്തമായ ത്രികോണപ്പോരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.