പയ്യോളി: അശാസ്ത്രീയമായി നിർമിച്ച ദേശീയപാത സർവിസ് റോഡുകളുടെ തകർച്ചയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സ്വകാര്യ ബസ് തൊഴിലാളികൾ സൂചനപണിമുടക്കിന് ആഹ്വാനം ചെയ്തു. വിഷയത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ജൂൺ 27 മുതൽ അനശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സ്വകാര്യ ബസ് തൊഴിലാളി കോ - ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. വടകര - കൊയിലാണ്ടി റൂട്ടിലെയും, വടകര - പയ്യോളി വഴി പേരാമ്പ്ര റൂട്ടിലെയും സ്വകാര്യ ബസ്സുകളുമാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.
കാലവർഷം ശക്തമായതോടെ വടകര മുതൽ കൊയിലാണ്ടി വരെയുള്ള ദേശീയപാത സർവിസ് റോഡ് പൂർണ്ണമായും തകർച്ചയിലാണ്. റോഡ് തകർച്ച കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ ബസുകൾ സമയത്ത് ഓടിയെത്താൻ കഴിയാതെ വഴിയിൽ ട്രിപ്പ് അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. റോഡിൻറെ ശോച്യാവസ്ഥ കാരണം ബസ്സുകൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.
വൻകുഴികളും വെള്ളക്കെട്ടും കാരണം ടയറും സ്പെയർപാർട്സുകളും ഉൾപ്പെടെ കേടാവുന്ന തരത്തിൽ വൻ സാമ്പത്തിക ബാധ്യത ബസ്സുടമകൾക്കും താങ്ങാൻ പറ്റാത്ത അവസ്ഥയാണ്. റോഡ് പണി ആരംഭിച്ചിട്ട് ഇത് നാലാമത്തെ കാലവർഷത്തെയാണ് മൂരാട് മുതൽ നന്തിവരെ നേരിടുന്നത്. ഇതിൽ സ്ഥിതി ഏറ്റവും കൂടുതൽ രൂക്ഷമായിരിക്കുന്നത് പയ്യോളി ടൗൺ വഴിയുള്ള യാത്രയാണ്. ഇക്കാലമത്രയും നിരവധി പ്രതിഷേധങ്ങൾ ഉയർന്നിട്ടും കരാറുകാരായ വഗാഡ് കമ്പനിയോ ദേശീയപാത അതോറിറ്റിയോ പരിഹാരം കാണാൻ ശ്രമിക്കുന്നില്ല.
മഴ മാറി നിന്നാൽ പോലും തകർന്ന റോഡുകൾ സിമന്റും മണലും ചേർന്ന മിശ്രിതം കൊണ്ട് താൽക്കാലികമായി അടച്ച് പ്രഹസനമാക്കുക്കുകയാണ് പതിവ്. സിമൻറ് ചേർത്ത മണൽ കൊണ്ട് കുഴികൾ അടച്ചു കഴിഞ്ഞാൽ മഴ മാറിയാൽ റോഡ് പൊടിയിൽ മുങ്ങി യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കരാർ കമ്പനിയുടെ അനാസ്ഥക്കെതിരെ നന്തിയിലെ കെൽട്രോൺ കുന്നിൽ നിർമാണ പ്ലാൻറ് അടക്കം സ്ഥിതിചെയ്യുന്ന ഓഫിസിലേക്ക് ബസ് തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പയ്യോളി ടൗണിന് വടക്കുഭാഗത്ത് ദേശീയപാത സർവിസ് റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ട നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.