തിരുവനന്തപുരം: കൈക്കൂലിക്കേസിൽ ഗുരുതര തെളിവുകൾ പുറത്തുവന്നിട്ടും ജയിൽ ആസ്ഥാന ഡി.ഐ.ജി എം.കെ. വിനോദ് കുമാറിനെ സംരക്ഷിച്ച് സർക്കാർ. വിജിലൻസ് കേസെടുത്ത് ആറുദിവസം പിന്നിട്ടിട്ടും സസ്പെൻഷൻ വൈകുന്നു.
നടപടി ശിപാർശ ചെയ്ത് ആഭ്യന്തര സെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നൽകിയ റിപ്പോർട്ടിലും തുടർ നടപടിയുണ്ടായില്ല. അഴിമതിക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ പദവിയിൽ തുടരുന്നത് വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആക്ഷേപവും ശക്തമാണ്.
പരോൾ അനുവദിക്കാനും ജയിലിൽ സുഖസൗകര്യമൊരുക്കാനും ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവരിൽനിന്ന് ലക്ഷക്കണക്കിന് രൂപ എം.കെ. വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇദ്ദേഹത്തിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാനും വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഡി.ഐ.ജി എം.കെ. വിനോദ് കുമാര്‍ കണ്ണൂർ, വിയ്യൂർ, പൂജപ്പുര ജയിലുകളിലെ തടവുകാരിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന് 16ന് വിജിലൻസ് തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് -1 രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
കേരള പ്രിസൺസ് ആൻഡ് കറക്ഷനൽ സർവിസസിന്റെ ആസ്ഥാന കാര്യാലയത്തിൽ പ്രിസൺസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഹെഡ് ക്വാർട്ടേഴ്സ്) ആയി ജോലി നോക്കുന്ന എം.കെ. വിനോദ് കുമാര്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2024 മാർച്ച് ഒന്നുമുതൽ 2025 നവംബർ 15 വരെ വിവിധ ജയിലുകളിലെ തടവുകാർക്ക് പരോൾ ഉൾപ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്ത് 1,80,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ.
അഴിമതി നിരോധന നിയമം 1988 (ഭേദഗതി നിയമം 2018)ലെ 7(എ), 7(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. വിരമിക്കാൻ നാല് മാസം ബാക്കി നിൽക്കെയാണ് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.