ബ്രാഞ്ച് അംഗത്തിന് പീഡനം: മുൻ സി.പി.എം നേതാക്കൾ അറസ്റ്റിൽ
വടകര: പാര്‍ട്ടി ബ്രാഞ്ച് അംഗത്തെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റിലായി. പതിയാരക്കര പുല്ലുള്ള പറമ്പത്ത് ബാബുരാജിനെയും ലിജീഷിനെയും തിങ്കളാഴ്ച പുലർച്ചെ കരിമ്പന പാലത്ത് നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
പതിയാരക്കര ലോക്കൽ കമ്മിറ്റി അംഗവും മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു അറസ്റ്റിലായ പി.പി. ബാബുരാജ്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും പതിയാരക്കര മേഖലാ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു ടി.പി. ലിജീഷ്. പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് ഇരുവരെയും പാർട്ടി പുറത്താക്കിയിരുന്നു. കേസെടുത്തതിന് പിന്നാലെ ജില്ല നേതൃത്വം നടപടി സ്വീകരിക്കുകയായിരുന്നു.
മൂന്ന് മാസം മുമ്പ് വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച സംഭവത്തിൽ പാർട്ടിയിൽനിന്ന് നീതി ലഭിക്കാതെവന്നപ്പോൾ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. മുഖം രക്ഷിക്കാൻ പുറത്താക്കിയെങ്കിലും ഇത്രയുംകാലം സംരക്ഷിച്ചത് പാർട്ടിയെ തിരിഞ്ഞുകുത്തിയിരുന്നു. യുവതിയുടെ പരാതി ലഭിച്ചപ്പോൾ നീതി ലഭ്യമാക്കാതെ നേതൃത്വം അനുരഞ്ജന ചർച്ചക്ക് ശ്രമിച്ചത് അണികളിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
മുളിയേരി ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയാണ് പരാതിക്കാരി. പീഡനം നടന്ന വീട്ടിൽ പൊലീസ് തെളിവെടുത്തു. ജില്ല ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം യുവതി കൊയിലാണ്ടി മജിസ്േട്രട്ടിന് മുന്നിൽ മൊഴിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.