ഫോട്ടോഗ്രാഫർ ദിനേശനെ റോഡ് ഷോക്കിടെ ബി.ജെ.പി പ്രവർത്തകൻ മർദിക്കുന്നു

ബി.ജെ.പി പ്രവർത്തകൻ ജന്മഭൂമി ഫോട്ടോഗ്രാഫറുടെ മുഖത്തടിച്ചു; സംഭവം സ്മൃതി ഇറാനിയുടെ​ റോഡ്​ ഷോയിൽ

കക്കോടി (കോഴിക്കോട്​): സ്മൃതി ഇറാനിയുടെ റോഡ് ഷോ റിപ്പോർട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫർക്ക് മർദനം. ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫർ ദിനേശ് കുമാറിനെയാണ്​ പ്രകടനത്തിലുണ്ടായിരുന്ന പ്രവർത്തകൻ മുഖത്തടിച്ച് പരിക്കേൽപ്പിച്ചത്. കണ്ണട തകർന്ന് മുഖത്ത് പരിക്കേറ്റ ഇയാളെ നഗരത്തിലെ ആശുപത്രിയിലെത്തിച്ചു.

സ്മൃതി ഇറാനി തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ നടത്താൻ തീരുമാനിച്ചത്. ഇതുപ്രകാരം വാഹനത്തിൽ കയറിനിന്ന ഇവർ അൽപം കഴിഞ്ഞ്​ തനിക്ക് യാത്ര ചെയ്യാൻ സ്കൂട്ടർ ലഭിക്കുമോയെന്ന് ആരാഞ്ഞു. തുടർന്ന് സ്കൂട്ടർ എത്തിച്ചു. സ്കൂട്ടറിൽ യാത്ര തുടർന്നതോടെ വാഹനത്തിന് മുന്നിൽ ഫോട്ടോഗ്രാഫർമാരും ഓടാൻ തുടങ്ങി.

കക്കോടി പൊക്കിരാത്ത് ബിൽഡിങ്ങിന്​ മുന്നിലെത്തിയതോടെ പ്രകടനത്തിലുള്ളയാൾ ദിനേശനോട് തട്ടിക്കയറുകയും മുഖത്ത് അടിക്കുകയും ചെയ്തു. ഇതേതുടർന്ന് മറ്റുള്ളവരും അടിക്കാൻ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവർത്തകർ തടയുകയായിരുന്നു. പ്രകടനത്തിലുള്ള ചിലർ തന്നെ ജന്മഭൂമി ഫോട്ടോഗ്രാഫർ ആണെന്നും ആക്രമിക്കരുതെന്നും വിളിച്ച്​ പറയുന്നുണ്ടായിരുന്നു.

മാധ്യമപ്രവർത്തകർ ബി.ജെ.പി േനതാക്കളോട് മർദനെത്തെക്കുറിച്ച് ഉടൻ പരാതി പറഞ്ഞപ്പോൾ ജാഥയിൽ സി.പി.എം പ്രവർത്തകർ കയറിക്കൂടിയോ എന്ന്​ പരിശോധിക്കുമെന്നാണ്​ പറഞ്ഞത്. മർദിച്ച ആളിന്‍റെ ഫോട്ടോ കാമറയിൽ ഉണ്ടെന്ന് പറഞ്ഞതോടെ മറ്റ് നേതാക്കൾ എത്തി ക്ഷമ ചോദിച്ചു.

ഇതിനിടെ മാധ്യമ പ്രവർത്തകരിൽ ചിലർ പരിപാടി ബഹിഷ്കരിക്കുന്നതായി അറിയിച്ചതിനെ തുടർന്ന് ജില്ല വൈസ് പ്രസിഡന്‍റ്​ ടി. ദേവദാസ് ഉൾപ്പെടെയുള്ളവർ ക്ഷമാപണം നടത്തി. വാഹനം നിർത്തിച്ച് സ്ഥാനാർഥി ടി.പി. ജയചന്ദ്രൻ മാസ്റ്ററോടും മാധ്യമ പ്രവർത്തകർ പരാതി അറിയിക്കുകയും ചെയ്തു. റോഡ് ഷോക്കിടെ ജന്മഭൂമി ഫോട്ടോഗ്രാഫർക്ക്​ തന്നെ മർദനമേറ്റത്​ ബി.ജെ.പിക്ക് നാണക്കേടായി.

Tags:    
News Summary - BJP activist slaps Janmabhoomi photographer in the face; Incident at Smriti Irani Road Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.