ടീ കമ്പനിയില്‍ പാലം പണിയുന്ന സ്ഥലം

'പാറ പാെട്ടിച്ച് കടത്തിയില്ലേ? ഇനിയെങ്കിലും പാലം പണിയൂ, പ്ലീസ്'

അടിമാലി: പാലം പണിയുടെ മറവില്‍ വന്‍തോതില്‍ പാറ പൊട്ടിച്ച് കടത്തി. എന്നിട്ടും പാലം പണിയാന്‍ നടപടിയില്ല. ഇതേതുടർന്ന്​ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്​ നാട്ടുകാര്‍. ബൈസണ്‍വാലി പഞ്ചായത്തിലെ ടീ കമ്പനിയിലാണ് ഉദ്യോഗസ്ഥരും  കരാറുകാരും ചേര്‍ന്ന് വന്‍കൊള്ള നടത്തിയത്.

ടീ കമ്പനി ചപ്പാത്ത് പാലത്തിൻെറയും അപ്രോച്ച് റോഡിന്‍റെ നിര്‍മാണത്തിന്‍റെയും മറവിലാണ് ലക്ഷങ്ങളുടെ പാറ പൊട്ടിച്ച് കടത്തിയത്. ഉണ്ടായിരുന്ന പാലം നഷ്ടമായ ജനങ്ങള്‍ വലിയ യാത്രാ പ്രതിസന്ധിയും നേരിടുന്നു. ഇപ്പോള്‍ താല്കാലിക പാലം സ്ഥാപിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ് നാട്ടുകാര്‍. വന്‍തോതില്‍ പാറ പൊട്ടിച്ചതോടെ ഇരുസൈഡിലുമുണ്ടായിരുന്ന സംരക്ഷണഭിത്തിയും ഇല്ലാതായതാണ് കാരണം.

എം.എം. മണി എം.എല്‍.എ വൈദ്യുതി മന്ത്രിയായിരിക്കെ ഉടുമ്പന്‍ചോല രണ്ടാംമൈല്‍ റോഡ് റോഡിന്‍റെ നിര്‍മാണത്തിന്‍റെ ഭാഗമായിട്ടാണ് ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ ടീ കമ്പനി ചപ്പാത്ത് പാലം പൊളിച്ചുമാറ്റിയത്. ഒന്നരവര്‍ഷത്തിനുള്ളില്‍ മൂന്ന് ഘട്ടങ്ങളായി റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പാലം നിര്‍മാണം പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പുഴക്ക് കുറുകെ കടക്കണമെങ്കില്‍ വലിയ സാഹസികതവേണം. കരയില്‍ നിന്ന്  കോണ്‍ക്രീറ്റ് പൈപ്പുകള്‍ക്ക് മുകളിലുടെ  നടന്ന് പുഴയില്‍ ഇറങ്ങിയശേഷം വെളളത്തിലൂടെ വേണം മറുകര കടക്കാന്‍.

മഴക്കാലത്ത് പുഴയില്‍ ഒഴുക്ക് ശക്തമായതിനാല്‍ ഈ സാഹസിക യാത്രയും സാധ്യമല്ല. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രദേശത്തെ കര്‍ഷകര്‍ക്കും വ്യാപരികള്‍ക്കും മൂന്ന്​ കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ച് ബൈസണ്‍വാലിയിലെത്താന്‍. പാലം നിര്‍മാണം വൈകുന്നതില്‍ പ്രദേശവാസികള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. കരാറുകാരന്‍റെയും അധികൃതരുടെയും അനാസ്ഥയാണ് പ്രദേശവാസികളുടെ ദുര്‍ഗതിക്ക് കാരണം. പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിച്ചില്ലെങ്കിൽ പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാര്‍ അറിയിച്ചു.

Tags:    
News Summary - Bison valley villagers pleads to build a bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.