‘ശബരിമല ഒരു പാഠമാണ്, അത് സി.പി.ഐ പഠിക്കും’; അഴിമതിക്ക് പാർട്ടിയെ മറയാക്കിയവരാണ് കുറ്റവാളികളെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അഴിമതിക്ക് പാർട്ടിയെ മറയാക്കിയവരാണ് കുറ്റവാളികളെന്ന് 'മാധ്യമം' വോട്ട് ടോക്കിൽ ബിനോയ് വിശ്വം പ്രതികരിച്ചു.

ശബരിമല വിഷയത്തിൽ ഒറ്റ നിലപാടേയുള്ളൂ. ആരാണോ ഉപ്പുതിന്നത് അവരെല്ലാം വെള്ളം കുടിക്കണം. ഉപ്പുതിന്നവർ എപ്പോഴെങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ മറയാക്കിയിട്ടുണ്ടെങ്കിൽ ആ പാർട്ടിയുടെ കുറ്റമല്ല. അഴിമതിക്ക് പാർട്ടിയെ മറയാക്കിയവരാണ് കുറ്റവാളികൾ. പാർട്ടി ഉത്തരവാദിയല്ല.

ശബരിമല ലക്ഷക്കണക്കിന് പേരുടെ വിശ്വാസ കേന്ദ്രമാണ്. അവിടെ അഴിമതി നടക്കാൻ പാടില്ല. ശബരിമല ഒരു പാഠമാണ്. അത് സി.പി.ഐ പഠിക്കും. അഴിമതിക്കാരോട് സന്ധിയില്ല. എല്ലാ അഴിമതിക്കാരെയും ശിക്ഷിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്ലാമിയുടെയും വെൽഫെയർ പാർട്ടിയുടെയും രാഷ്ട്രീയവും ആശയവും തെറ്റാണ്. വെൽഫെയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും രാഷ്ട്രീയം ബി.ജെ.പി പാത ഏളുപ്പമാക്കാനേ ഉപകരിക്കൂ. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയം മുസ്ലിം ബി.ജെ.പിയും മുസ്ലിം ആർ.എസ്.എസും ആയി മാറലല്ല.

കറയറ്റ മതനിരപേക്ഷ രാഷ്ട്രീയമാണ് ന്യൂനപക്ഷങ്ങൾക്ക് തുണയാവുക. അത് മനസ്സിലാക്കാതെ അതിവൈകാരികമായി മതാധിഷ്ഠിത രാഷ്ട്രീയം കൈകാര്യം ചെയ്യുകയാണവർ. എൽ.ഡി.എഫിന് ജമാഅത്തെ ഇസ്ലാമിയുമായോ വെൽഫെയർ പാർട്ടിയുമായോ ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

കമ്യൂണിസ്റ്റ് പാർട്ടിയുടെ നിതാന്ത ശത്രുവാണ് ആർ.എസ്.എസും ബി.ജെ.പിയും. ഇന്ത്യയിലെ ഫാഷിസ്റ്റ് മുഖമാണവർ. ആ രാഷ്ട്രീയവും ആശയവും വെടിഞ്ഞ് തിരിച്ചറിവിന്‍റെ മാറ്റം ആർക്കുണ്ടായാലും അവരെ സ്വീകരിക്കും. ആശയപരമായ തിരുത്തൽ വേണമെന്നുമാത്രം. തിരിച്ചറിഞ്ഞ് ഇടതുപക്ഷ ബോധമുണ്ടായാൽ ആർക്കും പാർട്ടിയിലേക്ക് വരാം.

അതൊരാളല്ല ആയിരം പേരായാലും സ്വീകരിക്കും. അവർക്കുമുന്നിൽ വാതിൽ കൊട്ടിയടക്കില്ല. പാങ്ങോട്ടെയാൾ ആർ.എസ്.എസ് രാഷ്ട്രീയം വെടിഞ്ഞാണ് എത്തിയത്. തമിഴ്നാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായിരുന്ന അണ്ണാമലൈ ഇപ്പോൾ എവിടെയാണെന്ന് നമ്മൾ ചിന്തിക്കണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Binoy Viswam react to Sabarimala Gold Missing Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.