പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കാം

കൽപറ്റ: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പേവിഷബാധയും അതോടനുബന്ധിച്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. പി. ദിനീഷ് പറഞ്ഞു.

മൃഗങ്ങളില്‍നിന്നും മനുഷരിലേക്ക് പകരുന്ന വൈറസ് രോഗമാണ് പേവിഷബാധ. വളര്‍ത്തുമൃഗങ്ങളില്‍ നിന്നാണ് സാധാരണ രോഗപ്പകര്‍ച്ച ഉണ്ടാകുന്നത്. വന്യമൃഗങ്ങളായ ചെന്നായ്, കുറുക്കന്‍, കുരങ്ങ്, പന്നി, വവ്വാലുകള്‍ എന്നിവയില്‍ നിന്നുമാണ് പ്രധാനമായും വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗം പകരുന്നത്.

രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലുള്ള വൈറസുകള്‍ മൃഗങ്ങളുടെ നക്കല്‍ കൊണ്ടോ മാന്ത്, കടി എന്നിവമൂലമുണ്ടായ മുറിവില്‍ക്കൂടിയോ ശരീരപേശികള്‍ക്കിടയിലെ സൂക്ഷ്മ നാഡികളിലെത്തി കേന്ദ്ര നാഡീവ്യൂഹത്തില്‍ കൂടി സഞ്ചരിച്ച് സുഷുമ്നാ നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു.

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുള്ള ഇടവേള രണ്ടാഴ്ച മുതല്‍ മൂന്നുമാസംവരെയാകാം. തലവേദന, തൊണ്ടവേദന, മൂന്നുനാലു ദിവസം നീണ്ടുനില്‍ക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. വൈറസ് നാഡീവ്യൂഹത്തെ ബാധിച്ചുകഴിഞ്ഞാല്‍ ശ്വാസതടസം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവ പ്രകടമാകുന്നു.

തലച്ചോറിനെ ബാധിക്കുന്നതോടുകൂടി അപസ്മാരം, പക്ഷാഘാതം, മസ്തിഷ്‌ക മരണം എന്നിവ സംഭവിക്കാം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ മരണം സുനിശ്ചിതമാണ്. എന്നാല്‍ കടിയേറ്റ ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കുക വഴി പേവിഷബാധയും മരണവും ഒഴിവാക്കാം.

മുറിവുകള്‍ മൂന്ന് തരം:

പ്രതിരോധ മരുന്നുകളും ചികിത്സയും നല്‍കാനായി മുറിവുകളെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഒന്നാംവിഭാഗം - മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്ത് നക്കുക. ഈ സാഹചര്യത്തില്‍ ടാപ്പ് വെള്ളത്തില്‍ 10-15 മിനിറ്റ് സോപ്പുപയോഗിച്ച് നന്നായി കഴുകുക.

പ്രതിരോധ മരുന്ന് വേണ്ട. രണ്ടാംവിഭാഗം - തൊലിപ്പുറത്തുള്ള മാന്തല്‍, രക്തംവരാത്ത ചെറിയ പോറലുകള്‍. ടാപ്പ് വെളളത്തില്‍ 10-15 മിനിറ്റ് കഴുകുക. പ്രതിരോധ കുത്തിവെപ്പ് വേണം. മൂന്നാം വിഭാഗം -മുറിവുള്ള തൊലിപ്പുറത്ത് നക്കുക, രക്തം പൊടിയുന്ന മുറിവുകള്‍ പോറലുകള്‍, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക.

ഈ സാഹചര്യത്തില്‍ മുറിവ് സോപ്പിട്ട് 10-15 മിനിട്ട് ടാപ്പ് വെള്ളത്തില്‍ കഴുകേണ്ടതാണ്. മുറിവിന്റെ എല്ലാ വശങ്ങളിലും എത്തുന്ന വിധത്തില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് കടിയേറ്റ ചര്‍മത്തില്‍ തന്നെ നല്‍കണം. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്യൂണോഗ്ലോബുലിന്‍ നല്‍കുന്നത്.

മുറിവിന് ചുറ്റും നല്‍കുന്നതിനൊപ്പം മാംസപേശിയില്‍ ആഴത്തില്‍ ഇമ്യൂണോ ഗ്ലോബുലിന്‍ നല്‍കേണ്ടതാണ്. ഡോക്ടര്‍ നിർദേശിക്കുന്ന പ്രകാരമാണ് ഡോസ് നിശ്ചയിക്കുന്നത്. ഒപ്പം പ്രതിരോധ കുത്തിവയ്പും ഉടന്‍ എടുക്കുക.

പട്ടിയോ പൂച്ചയോ അല്ലാത്ത ഏത് വന്യമൃഗങ്ങളുടെ കടിയും മൂന്നാം വിഭാഗമായി കരുതി ചികിത്സിക്കണം. കരണ്ടുതിന്നുന്ന സസ്തനികളായ എലി, അണ്ണാന്‍, മുയല്‍ ഇവ പേ പരത്താറില്ല. മുറിവ് വൃത്തിയായി കഴുകി മരുന്നുവെച്ചാല്‍ മതി. പ്രതിരോധ മരുന്ന് ആവശ്യമില്ല.

കുത്തിവെപ്പിലൂടെ പ്രതിരോധം തീര്‍ക്കാം

പേവിഷബാധയ്ക്കെതിരെയുളള കുത്തിവെപ്പുകള്‍ രണ്ടു തരത്തില്‍ എടുക്കാവുന്നതാണ്. തൊലിപ്പുറത്തു എടുക്കുന്ന കുത്തിവെപ്പാണ് ഇപ്പോള്‍ നല്‍കുന്നത്. കൈ ആരംഭിക്കുന്നതിനു താഴെ തൊലിപ്പുറത്താണ് കുത്തിവെപ്പ്. 0, 3, 7, 28 ദിവസങ്ങളില്‍ കുത്തിവെപ്പുകള്‍ എടുക്കണം.

പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടോയെന്ന് അറിയാത്ത നായ് കടിച്ചാല്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണം. നായെ കെട്ടിയിട്ട് നിരീക്ഷിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യണം. പട്ടി, പൂച്ച എന്നിവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവരും, വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും മുന്‍കൂറായി കുത്തിവെപ്പ് എടുക്കാം.

0, 7 28 ദിവസങ്ങളില്‍ മൂന്ന് കുത്തിവെപ്പാണ് എടുക്കേണ്ടത്. ഈ കുത്തിവെപ്പ് എടുത്തവരെ വീണ്ടും മൃഗങ്ങള്‍ കടിച്ചാല്‍ 0, 3 ദിവസങ്ങളില്‍ രണ്ട് കുത്തിവെപ്പ് എടുത്താല്‍ മതിയാകും. ഇവരും ഇമ്യൂണോഗ്ലോബുലിന്‍ എടുക്കേണ്ടതില്ല. കടിയേറ്റ ഉടനെ തന്നെ മുറിവ് 10-15 മിനിറ്റു കഴുകുകയും വേണം.

കുത്തിവെപ്പ് എടുത്തിട്ട് ഒരു വര്‍ഷം വരെയുളള സമയത്ത് വീണ്ടും കടിയേറ്റാല്‍ കുത്തിവെപ്പ് ആവശ്യമില്ല. മുമ്പ് മുഴുവന്‍ കുത്തിവെപ്പുകള്‍ എടുത്തിട്ടുള്ളവര്‍ രണ്ടു കുത്തിവെപ്പ് 0, മൂന്ന് ദിവസങ്ങളില്‍ എടുക്കണം. കുത്തിവെപ്പ് വിവരങ്ങള്‍ കൃത്യമായി ഓര്‍ക്കാത്തവരും മുമ്പ് മുഴുവന്‍ കുത്തിവെപ്പും എടുക്കാത്തവരും വീണ്ടും മുഴുവന്‍ കോഴ്സ് എടുക്കണം.

പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പുകള്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഇമ്യൂണോ ഗ്ലോബുലിന്‍ ജില്ല, ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും സൗജന്യമായി ലഭിക്കും. മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ്, സന്നദ്ധസംഘടനകള്‍ എന്നിവയുടെ ഏകോപനത്തിലൂടെ പേവിഷബാധ കൊണ്ടുള്ള മരണം ഉണ്ടാകാതിരിക്കാനും മൃഗങ്ങളുടെ കടിയുടെ തോതുകുറക്കാനും സാധിക്കും.

പ്രകോപിപ്പിക്കാതിരിക്കുക

നായ്ക്കള്‍ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും അവയെ പേടിപ്പിക്കുകയോ ദേഷ്യപ്പെടുത്തുകയോ ചെയ്താല്‍ കടിക്കാനുളള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങള്‍ ഭക്ഷണം കഴിക്കുന്ന അവസരത്തിലും കൂടിനുള്ളില്‍ അടക്കപ്പട്ട അവസരങ്ങളിലും ഉറങ്ങുന്ന അവസരങ്ങള്‍, രോഗമുള്ള അവസരങ്ങള്‍, കുഞ്ഞുങ്ങളുടെ സംരക്ഷണ വേളകള്‍ എന്നിങ്ങനെയുള്ള സമയങ്ങളില്‍ ശല്യപ്പെടുത്തുന്നത് ആക്രമണ സ്വഭാവം കൂടാനിടയാക്കും.

ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍നിന്നും അകലം പാലിക്കൂക. അനവസരങ്ങളില്‍ പാഞ്ഞെത്തുന്ന നായ്ക്കളുമായി നേര്‍ക്കുനേര്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ അനങ്ങാതെ നില്‍ക്കുക, താഴെവീണുപോയാല്‍ തലയും മുഖവും സംരക്ഷിക്കുന്ന വിധത്തില്‍ ചുരുണ്ടുകിടക്കുക, മറ്റ് വീടുകളിലെ മൃഗങ്ങളെ തലോടുന്നതും സമീപിക്കുന്നതും ഉടമസ്ഥരുടെ സമ്മതത്തോടുകൂടി മാത്രം ചെയ്യുക.

പേവിഷബാധ നിയന്ത്രണ ദിനാചരണം

കൽപറ്റ: ലോക പേവിഷബാധ നിയന്ത്രണ ദിനാചരണത്തിന്റെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫിസില്‍ ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാർജ് ഡോ. പി. ദിനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് അസി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ല മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ ആരോഗ്യകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുകയും സ്‌കൂളുകളില്‍ വിദ്യാർഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫിസര്‍ ടി.യു. മൂസക്കുട്ടി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ സണ്ണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Beware of rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.