അയോധ്യ ചടങ്ങ് വർഗീയ സംഘർഷങ്ങൾ ഉയർത്തിക്കൊണ്ടുവരാനുള്ള രാഷ്ട്രീയ പദ്ധതി -യെച്ചൂരി

കാസർകോട്/ചെർക്കള: രാജ്യത്ത്‌ മത-വർഗീയ സംഘർഷങ്ങൾ ഉയർത്തിക്കൊണ്ടുവരാനുള്ള രാഷ്ട്രീയപദ്ധതിയാണ് അയോധ്യ ക്ഷേത്ര ഉദ്‌ഘാടനച്ചടങ്ങെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതാണ്‌ സി.പി.എം എതിർക്കുന്നത്‌. മാനവികതയാണ് ലോകത്ത് ഉയർന്നുനിൽക്കേണ്ടത്. ദൈവത്തിന് മതവും ജാതിയുമൊന്നുമില്ല. എല്ലാ മനുഷ്യരും ഒന്നാണ്, പ്രതിഷ്ഠിക്കേണ്ടത് മാനവികതയാണ്. ചെർക്കളയിൽ സി.പി.എം സംഘടിപ്പിച്ച ഫലസ്‌തീൻ ഐക്യദാർഢ്യ സദസ്സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

ഫലസ്തീനെ പിന്തുണക്കണമെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ, അത് മാനവികതയുടെ പക്ഷത്ത് ഉറച്ചുനിൽക്കുക എന്നതാണ്. ഇസ്രായേലിനെ പിന്തുണച്ച മോദി സയണിസത്തെയാണ് പിന്തുണക്കുന്നത്. അയോധ്യ ക്ഷേത്ര ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട്‌ മോദി സർക്കാർ ഇപ്പോൾ നടത്തുന്നത്‌ ഭരണഘടനക്കും സുപ്രീംകോടതി വിധികൾക്കുമെതിരായ നിലപാടാണെന്നും ഇതിന്റെ പേരിൽ ഭരണകൂടം പ്രത്യേക മതവിഭാഗത്തിന്റെ താൽപര്യംമാത്രം ഉയർത്തിപ്പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം വിശ്വഹിന്ദു പരിഷത്ത് നേതാക്കൾക്കൊപ്പം രാമക്ഷേത്ര ഭാരവാഹികൾ ഡൽഹിയിലെ സി.പി.എം ഓഫിസിൽ ക്ഷണിക്കാൻ വന്നപ്പോൾത്തന്നെ, ചടങ്ങിൽ പങ്കെടുക്കില്ലെന്നും നിങ്ങൾക്ക് വേണമെങ്കിൽ ഒരുകപ്പ് ചായ കുടിച്ച് പിരിയാമെന്നുമാണ് പറഞ്ഞത്. എന്തുകൊണ്ട്‌ പങ്കെടുക്കില്ല എന്നവർ തിരിച്ചുചോദിച്ചു, ‘‘സി.പി.എം എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന പാർട്ടിയാണ്‌.

ഏതൊരു വ്യക്തിയുടെയും മതവിശ്വാസത്തെ സംരക്ഷിക്കാൻ ആദ്യം മുന്നിൽവരുന്നത്‌ സി.പി.എമ്മായിരിക്കും, മതം എന്നുപറയുന്നത്‌ വ്യക്തിപരമായ ഒന്നാണ്‌. ഇവിടെയിപ്പോൾ നടക്കുന്നത്‌ രാഷ്‌ട്രീയാവശ്യങ്ങൾക്കായി മതത്തെയും മതചിഹ്നത്തെയും ഉപയോഗിക്കുന്നു എന്നതാണ്‌’’ -അതിനാലാണ്‌ ചടങ്ങിൽ പങ്കെടുക്കാത്തതെന്നും അവർക്ക് മറുപടി കൊടുത്തു.

ഫലസ്‌തീനിൽ നടക്കുന്ന അധിനിവേശത്തിന്‌ സമാനമായി ഇന്ത്യയിലും നാളെ സംഭവിച്ചുകൂടെന്നില്ല. കാരണം, സയണിസവും ആർ.എസ്.എസ് പ്രത്യയശാസ്‌ത്രവും ഒരേ അച്ചുതണ്ടിൽ പ്രവർത്തിക്കുന്നതാണ്‌. അന്യമത വിദ്വേഷമാണ്‌ ഇവ പ്രചരിപ്പിക്കുന്നത്‌-സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - Ayodhya ceremony a political plan to raise communal tensions - Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.