തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ വർധനക്ക് ആനുപാതികമായി അധിക തസ്തിക സൃഷ്ടിക്കുമ്പോഴും 10 വർഷത്തിനിടെ, കുറഞ്ഞത് 13,000 ത്തിലധികം അധ്യാപകർ. 2013-14ൽ ടി.ടി.ഐ അധ്യാപകർ ഉൾപ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുണ്ടായിരുന്നത് 1,69,851 അധ്യാപകരായിരുന്നു. എന്നാൽ, ഇത് 2023-24 അധ്യയന വർഷത്തെ കണക്കുകൾ പ്രകാരം 1,56,506 അധ്യാപകരായി കുറഞ്ഞു.
10 വർഷത്തിനിടെ, എയ്ഡഡ് സ്കൂളുകളിൽ മാത്രം കുറഞ്ഞത് 10663 അധ്യാപകരാണ്. സർക്കാർ സ്കൂളുകളിൽ 2003 അധ്യാപകരും കുറഞ്ഞു. അൺ എയ്ഡഡ് സ്കൂളുകളിൽ 687 അധ്യാപകരും കുറഞ്ഞിട്ടുണ്ട്. 2013 -14ൽ സർക്കാർ സ്കൂളുകളിൽ ആകെയുണ്ടായിരുന്നത് 55,321 അധ്യാപകരായിരുന്നു.
ഇത് 10 വർഷം പിന്നിട്ടപ്പോൾ 53,326 ആയി. എയ്ഡഡ് സ്കൂളുകളിൽ 100541 അധ്യാപകരുണ്ടായിരുന്നത് 89,878 ആയും കുറഞ്ഞു. അൺ എയ്ഡഡ് സ്കൂളുകളിൽ 13989 അധ്യാപകരുണ്ടായിരുന്നത് 13302 ആയി. ചില സ്കൂളുകളിൽ കുട്ടികൾ വർധിച്ച് അധിക തസ്തിക സൃഷ്ടിക്കുമ്പോൾ മറ്റ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് കാരണം തസ്തിക ഇല്ലാതാകുകയും ചെയ്യുന്നുണ്ട്.
2024 -25 അധ്യയന വർഷത്തിൽ കുട്ടികൾ വർധിച്ചതിനെ തുടർന്ന് 2219 അധിക തസ്തികകൾ സൃഷ്ടിക്കാൻ കഴിഞ്ഞ മന്ത്രിസഭ യോഗം അനുമതി നൽകിയിരുന്നു. എന്നാൽ, ഇതെ അളവിൽ മറ്റ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് കാരണം അധ്യാപക തസ്തികകൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അധികമായി സൃഷ്ടിക്കുന്ന തസ്തികകളിലേക്ക് തസ്തിക നഷ്ടപ്പെടുന്നവരെ പുനഃക്രമീകരിക്കുന്നതിലൂടെ പുതിയ നിയമനത്തിനുള്ള സാധ്യതകൾ ഇല്ലാതാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.