നേമം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുത്തൻ പള്ളി എസ്.എം. ലോക്ക് ജങ്ഷൻ മുതൽ മുട്ടത്തറ വരെ നടത്തിയ റോഡ്ഷോ
തിരുവനന്തപുരം: കട്ടക്ക് കട്ട, ഇഞ്ചോടിഞ്ച്, നേരിയ മുൻതൂക്കം... പോരാട്ടക്കളത്തിലെ പതിവ് പ്രയോഗങ്ങൾ അന്വർഥമാക്കും വിധമാണ് കാട്ടാക്കട, അരുവിക്കര, പാറശ്ശാല മണ്ഡലങ്ങളിലെ പോർക്കളം. നിലവിൽ മൂന്നിടത്തും ഇടതുപക്ഷത്തിൻറെ കുത്തകയാണ്. പുതിയ സാഹചര്യത്തിൽ എളുപ്പത്തിലൊരു ജയം സാധ്യമല്ലെന്നാണ് മണ്ഡലത്തിലൂടെയുള്ള യാത്രയിൽ ദൃശ്യമാകുന്നത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പം ചേർന്ന് വോട്ട് തേടുന്ന സ്ഥാനാർഥി മുതൽ എന്തൊക്കെ സംഭവിച്ചാലും വിജയം ഒപ്പമുണ്ടെന്ന് വിശ്വാസത്തിൽ മുന്നേറുന്ന സ്ഥാനാർഥികളുമാണ് ചിത്രത്തിൽ. കഴിഞ്ഞ വർഷങ്ങളിലേതു പോലെ ഏകപക്ഷീയമായ വിജയം പ്രവചിക്കാൻ കഴിയില്ലെന്നു തന്നെയാണ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാവേശം കാണിക്കുന്നത്...
അങ്കം മുറുകിയതോടെ കാട്ടാക്കട മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഹാട്രിക് വിജയം തേടി ഐ.ബി. സതീഷ് എൽ.ഡി.എഫിനെ നയിക്കുമ്പോൾ ജില്ല പഞ്ചായത്ത് അംഗമായിരുന്ന അനുഭവ സമ്പത്തിൽ നാടാടെ എം.ആർ. ബൈജുവിനെയാണ് യു.ഡി.എഫ് കളത്തിലിറക്കിയത്. ഇത്തവണ വിജയക്കൊടി പാറിക്കുമെന്ന പ്രതീക്ഷയിൽ നാലാമങ്കത്തിനിറങ്ങിയ പി.കെ. കൃഷ്ണദാസാണ് എൻ.ഡി.എയുടെ തുറുപ്പുചീട്ട്. 10 വർഷമായി മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഐ.ബി. സതീഷ്. മണ്ഡലം ഒപ്പം നിൽക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണി.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി എം.ആർ. ബൈജുവിൻറെ പര്യടനം. ആൾക്കൂട്ടത്തിൽ ഒരുവനായി എല്ലാവർക്കും ഹസ്തദാനം ചെയ്ത് നിറപുഞ്ചിരിയോടെയാണ് മുന്നേറ്റം. പ്രചാരണത്തിൽ ലഭിക്കുന്ന ജനപിന്തുണ വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബൈജു. നിരന്തരം മണ്ഡലത്തിൽ മത്സരിച്ചതിലൂടെ കാട്ടാക്കടയിൽ സുപരിചിതിനാണ് പി.കെ. കൃഷ്ണദാസ്. വികസന കേരളമെന്ന ബി.ജെ.പിയുടെ മുഖ്യപ്രചാരണമാണ് നടത്തുന്നത്. പ്രധാനമന്ത്രിയുടെ മോദി ഗാരന്റിയും മണ്ഡലത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും ഉയർത്തി കാട്ടിയാണ് വോട്ട് തേടൽ.
അരുവിക്കര തിരിച്ചുപിടിക്കുമെന്ന വാശിയിൽ ശക്തനായ പോരാളിയെ രംഗത്തിറക്കിയ യു.ഡി.എഫ് മണ്ഡലത്തിലെ പോരാട്ടം കടുപ്പിച്ചു. ജനകീയ എം.എൽ.എ പരിവേശത്തിൽ അനായാസ വിജയം പ്രതീക്ഷിച്ച എൽ.ഡി.എഫിന് ഇപ്പോൾ കടുപ്പമാണ് പോരാട്ടം. കോൺഗ്രസിൻറെ കുത്തകയായിരുന്ന മണ്ഡലം തിരിച്ചുപിടിച്ച ജി. സ്റ്റീഫൻ തന്നെയാണ് എൽ.ഡി.എഫിൻറെ നായകൻ. എം.എൽ.എ ആയയതിനു ശേഷം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സ്റ്റീഫൻറെ ജനകീയതയിലൂടെയും മണ്ഡലം നിലനിർത്താൻ കഴിയുമെന്ന ഉറപ്പിലാണ് എൽ.ഡി.എഫ്. മുൻ മന്ത്രി വി.എസ്. ശിവകുമാർ യു.ഡി.എഫ് സ്ഥാനാർഥിയായതോടെയാണ് മണ്ഡലത്തിലെ പോര് ചൂടുപിടിച്ചത്. തിരുവനന്തപുരം മണ്ഡലത്തിൽ എം.എൽ.എയായിരിക്കെ ചെയ്ത വികസന പ്രവർത്തനങ്ങളും ആരോഗ്യം, ദേവസ്വം, ഗതാഗതം വകുപ്പുകളുടെ മന്ത്രിയായി അഞ്ചു വർഷക്കാലം നടപ്പാക്കിയ പ്രവർത്തനങ്ങളും ഇന്ദിര ഗാരൻറിയും ഉയർത്തിക്കാട്ടിയാണ് വോട്ട് തേടുന്നത്. സിനിമ-സീരിയൽ താരമായ വിവേക് ഗോപനാണ് എൻ.ഡി.എക്കായി കളത്തിൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിൽ മത്സരിച്ച പരിചയം മൂലം ജനക്കൂട്ടത്തിനിടയിലേക്ക് ശങ്കയില്ലാതെയാണ് പ്രചാരണം.
പാറശ്ശാലയിൽ ഹാട്രിക് വിജയം ലക്ഷ്യമിട്ട് എൽ.ഡി.എഫ് സ്ഥാനാർഥി സി.കെ. ഹരീന്ദ്രൻ പ്രചാരണത്തിൽ മുന്നിലാണ്. മണ്ഡലത്തിലെ നിരവധി വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം. വിജയം ഉറപ്പിച്ചാണ് എൽ.ഡി.എഫ് പ്രവർത്തനം. മണ്ഡലം തിരിച്ചുപിടിക്കാൻ കെ.പി.സി.സി സംഘടന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. ഇന്ദിര ഗാരൻറി ഉയർത്തികാട്ടിയുള്ള പ്രചാരണത്തിൽ ജനങ്ങൾ ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. വോട്ടുവിഹിതം ഉയർത്തുക എന്ന ലക്ഷ്യത്തോടെ എൻ.ഡി.എക്കായി ഗിരീഷ് നെയ്യാറാണ് കളത്തിൽ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും 30000ന് മുകളിൽ വോട്ട് ലഭിച്ചത് ഇത്തവണയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.