പ്രതിപക്ഷ അംഗങ്ങൾ നിയമസഭയുടെ നടുത്തളത്തിൽ

സ്വർണപ്പാളിയിലും ബോഡി ഷെയിമിങ്ങിലും കത്തി നിയമസഭ; പ്രതിപക്ഷ ബഹളത്തിൽ സഭ നിർത്തി, ബാനർ പിടിച്ചെടുക്കാൻ സ്പീക്കറുടെ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയിമിങ് പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. രാവിലെ സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ബോഡി ഷെയിമിങ് പരാമർശവും ശബരിമലയിലെ സ്വർണപ്പാളി വിവാദവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.

പൊളിറ്റിക്കലി ഇൻകറക്ടായ പരാമർശമാണ് മുഖ്യമന്ത്രി നടത്തിയത്. മന്ത്രിമാർ വായിൽതോന്നിയത് പറഞ്ഞപ്പോൾ സ്പീക്കർ കുഴപ്പമുണ്ടായിരുന്നില്ല. സ്പീക്കർ നിഷ്പക്ഷമായല്ല പ്രവർത്തിക്കുന്നത്. വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ നേരിടാൻ സ്പീക്കർ ശ്രമിച്ചെന്ന് വി.ഡി. സതീശൻ ആരോപണം ഉയർത്തി.

ശബരിമലയിലെ ദ്വാരപാലക വിഗ്രഹം വൻ വിലക്ക് വിറ്റിരിക്കുകയാണ്. അതിന് കൂട്ടുനിന്ന ആളുകൾക്കെതിരെ നടപടി സ്വീകരിക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോർഡ് പിരിച്ചുവിടണം. സമരവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും സതീശൻ വ്യക്തമാക്കി.

വി.ഡി. സതീശന്‍റെ പ്രസ്താവനക്ക് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യ വിളികളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി. 'അയ്യപ്പന്‍റെ സ്വർണം ചെമ്പാക്കിയ എൽ.ഡി.എഫ് രാസവിദ്യ' എന്ന് എഴുതിയ ബാനർ അംഗങ്ങൾ ഉയർത്തി. പ്രതിപക്ഷ അംഗങ്ങൾ ഉയർത്തിയ ബാനറുകൾ പിടിച്ചുവാങ്ങാൻ സ്പീക്കർ നിർദേശം നൽകി. എന്നാൽ, സാധിച്ചില്ല.

പ്രതിപക്ഷ നേതാവ് സഭയിൽ ഗൂണ്ടായിസം കാണിക്കുകയാണെന്ന് പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ സഭാ ചോദ്യോത്തരവേളയിലേക്ക് കടന്നു. പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം നടന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ വാച്ച് ആൻഡ് വാർഡ് തടഞ്ഞു. തുടർന്ന് പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭാ നടപടികൾ നിർത്തിവെച്ചു. തുടർന്ന് സഭാ ചേർന്നെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

പ്രതിപക്ഷ എം.എൽ.എയുടെ ഉയരക്കുറവിനെയാണ് ഇന്നലെ നിയമസഭയി​ൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചത്. 'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ എന്നായിരുന്നു' പ്രതിപക്ഷ അംഗത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചത്. അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷം നിയമസഭ ബഹിഷ്‍കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ പ്രസംഗം. എട്ടുമുക്കാൽ അട്ടിവെച്ച പോലെ എന്നത് മലയാളത്തിലെ ഒരു പദപ്രയോഗമാണ്. പല ഭാഗത്തും പറ്റിപ്പിടിച്ച് നിൽക്കാൻ ശ്രമിക്കുന്ന ഒരാളെയോ ഒരു അവസ്ഥയെയോ ഒക്കെ സൂചിപ്പിക്കാനാണ് ഈ പദപ്രയോഗം ഉപയോഗിക്കുന്നത്.

'എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാൽ അട്ടിവെച്ചത് പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീര ശേഷി വെച്ചല്ല അത്. ശരീര ശേഷി വെച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയായിരുന്നു. വനിത വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കാൻ ശ്രമിച്ചു'-എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പു​തു​താ​യി നി​യ​മ സ​ഭ​യി​ലെ​ടു​ക്കേ​ണ്ട​വ​രു​ടെ അ​ള​വ്​ കോ​ല്​ കൂ​ടി മു​ഖ്യ​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്ന്​ ന​ജീ​ബ്​ കാ​ന്ത​പു​രം എം.​എ​ൽ.​എ ഫേ​സ്​​ബു​ക്​ പോ​സ്​​റ്റി​ൽ തു​റ​ന്ന​ടി​ച്ചു. പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവുകൂടി ഇനി പിണറായി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്ക് നജീബ് കാന്തപുരത്തിന്റെ മറുപടി.

ഇടത്‌ പുരോഗമന പ്രസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി 'ബഹു' പിണറായി വിജയൻ ഇപ്പോൾ ആരുടെ അമ്മിക്കടിയിലാണ്‌. അരോഗ്യ ദൃഢ ഗാത്രരായ ആളുകൾക്ക്‌ മാത്രമുള്ളതാണോ നിയമസഭ ? ഇ.എം.എസും വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ്‌ ഇരിക്കുന്നത്‌? പുതുതായി നിയമസഭയിലേക്ക്‌ എടുക്കേണ്ടവരുടെ അളവ്‌ കൂടെ ഇനി പിണറായി വിജയൻ തെരെഞ്ഞെടുപ്പ്‌ കമീഷനെ അറിയിക്കണം. ബഹു. മുഖ്യമന്ത്രിക്ക്‌ പ്രസംഗം എഴുതി കൊടുക്കുന്നത്‌ ഏത്‌ പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കൾ ഒന്ന് പരിശോധിക്കണമെന്നും നജീബ് വ്യക്തമാക്കി.

Tags:    
News Summary - Assembly ablaze over sabarimala gold missing row and body shaming; House proceedings suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.