കലോത്സവങ്ങൾ പകർന്നു നൽകുന്നത് കൂട്ടായ്മയുടെ സാമൂഹിക പാഠങ്ങൾ; മോഹൻ ലാൽ

തൃശൂർ: ​കലോത്സവങ്ങൾ കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ളത് മാത്രമല്ല, അവർക്ക് കൂട്ടായ്മയുടെ സാമൂഹിക പാഠങ്ങൾ കൂടി പകർന്നു നൽകുന്ന വേദി കൂടിയാണെന്ന് മലയാളത്തിന്റെ മഹാനടൻ മോഹൻ ലാൽ. തൃശൂരിൽ സംസ്ഥാന കലോത്സവത്തിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പ​​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻ ലാൽ.

മുമ്പ് പല തവണ ക്ഷണം ലഭിച്ചപ്പോഴും കലോത്സവം എത്താൻ പറ്റാത്തതിന്റെ വിഷമവും മോഹൻ ലാൽ പങ്കുവെച്ചു. ഇക്കുറി എന്തൊക്കെ അസൗകര്യമുണ്ടായാലും വരുമെന്ന് ക്ഷണിച്ചവർക്ക് ഉറപ്പുനൽകിയെന്നും നടൻ പറഞ്ഞു. ​

കൈത്തറി ജൂബയും കസവുമുണ്ടും ധരിച്ചാണ് മോഹൻലാൽ എത്തിയത്. കുട്ടികൾക്കു വേണ്ടി കുറച്ച് മീശ പിരിച്ചിട്ടുണ്ടെന്നും മോഹൻ ലാൽ പറഞ്ഞു. പ്രസംഗിക്കാൻ മോഹൻലാലിനെ വിളിച്ചപ്പോൾ സദസ്സ് ഇളകി മറിയുകയായിരുന്നു. തൃശൂരിലെ ഏറ്റവും പുണ്യവും പരിപാവനവുമായ സ്ഥലത്തുനിന്നാണ് കുട്ടികളുമായി ഞാൻ മത്സരിക്കുന്നത് എന്ന ആമുഖത്തോടെയാണ് മോഹൻലാൽ സംസാരം തുടങ്ങിയത്. 

മുമ്പ് കലോത്സവത്തിലെ കലാപ്രതിഭകൾക്കും തിലകങ്ങൾക്കും സിനിമ താരങ്ങളുടെ പ്രഭയുണ്ടായിരുന്നു. മലയാള സിനിമക്ക് യുവജനോത്സവം എത്രയോ പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, നവ്യനായർ എന്നിവരൊക്കെയും കലോത്സവത്തിന്റെ സംഭാവനകളാണ്. ഗായികയായ കെ.എസ്. ചിത്ര, ഗായകൻ ജി. വേണുഗോപാൽ എന്നിവരൊക്കെ കലോത്സവത്തിലൂടെ വളർന്നു വന്ന താരങ്ങളാണ്.

വ്യക്തിയെന്ന നിലയിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു. പങ്കുവെക്കലിന്റെ ശീലങ്ങൾ വളർത്തിയെടുക്കുന്നു. തോൽവി എന്നത് വിജയത്തിലേക്കുള്ള പടവാണ് എന്ന തിരിച്ചറിവുണ്ടാക്കുന്നു. മത്സരിക്കുന്നതാണ് പ്രധാനം. അവിടെ ജയ പരാജയങ്ങൾക്ക് പ്രസക്തിയില്ല. പലർക്കും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചെന്നു വരില്ല. അതുകൊണ്ട് അവരാരും മോശം കലാകാരൻമാരാകുന്നില്ല എന്ന പാഠം കൂടിയാണ് കലോത്സവങ്ങൾ അവർക്ക് സമ്മാനിക്കുന്നത്.

പാഠപുസ്തകങ്ങൾക്ക് പുറത്ത് ഇത്രയേറെ ജീവിതാനുഭവങ്ങൾ സമ്മാനിക്കുന്ന, സാംസ്കാരികമായി അവരെ പരുവപ്പെടുത്തുന്ന കലോത്സവങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ ഭാവി തിരിച്ചറിഞ്ഞ് അത് സംഘടിപ്പിക്കാൻ വേണ്ടി ഇത്രയേറെ പണവും മനുഷ്യവിഭവവും മാറ്റിവെക്കുന്ന സർക്കാറിനോടും സംഘാടകർക്കും നന്ദി പറഞ്ഞ ശേഷമാണ് മോഹൻ ലാൽ പ്രസംഗം അവസാനിപ്പിച്ചത്.

Tags:    
News Summary - Arts festivals impart social lessons of togetherness; MohanLal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.