മലപ്പുറം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ കല-കായിക പീരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന സംസ്ഥാന ബാലാവകാശ കമീഷൻ ഉത്തരവ് അട്ടിമറിക്കാൻ നീക്കം. മിക്ക സ്കൂളുകളിലും കായികാധ്യാപകരില്ലാത്തതിനാൽ വിഡിയോ ക്ലാസുകളൊരുക്കി ഉത്തരവ് പേരിന് നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. അധ്യാപക അവാർഡ് ജേതാവ് സുഗതൻ എൽ. ശൂരനാട് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ബാലാവകാശ കമീഷൻ നേരത്തേ ഉത്തരവിട്ടിരുന്നത്.
കേസിൽ എതിർകക്ഷികളായിരുന്ന വിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവരോട് ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും കമീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എസ്.സി.ഇ.ആർ.ടി മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതിപ്രധാനമായ ഒരു വിഷയത്തിൽ വിദ്യാഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും റിപ്പോർട്ട് സമർപ്പിക്കാത്തത് ഗൗരവമായാണ് നിരീക്ഷിക്കുന്നതെന്നും കമീഷൻ ഉത്തരവിൽ സൂചിപ്പിച്ചിരുന്നു.
ഇതേതുടർന്നാണ് പ്രസ്തുത പീരിയഡുകൾ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി മാറ്റിവെക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നവംബർ 17ന് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ജില്ല-ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്കും പ്രഥമാധ്യാപകർക്കും കർശന നിർദേശം നൽകിയത്.
എന്നാൽ, മിക്ക വിദ്യാലയങ്ങളിലും കായികാധ്യാപകരില്ലാത്തതിനാൽ വിഡിയോ ക്ലാസുകളൊരുക്കി ഉത്തരവിനെ മറികടക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
ഇതിനായുള്ള സിലബസും ഡിജിറ്റൽ ഉള്ളടക്കവും ഒരുക്കിനൽകുന്നത് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ ടെക്നോളജിയാണ്. വിദ്യാലയങ്ങളിൽ മതിയായ കായികാധ്യാപകരില്ലാത്തതിനാൽ പ്രസ്തുത പീരിയഡുകളിൽ കളിയോ പഠനമോ പരിശീലനമോ നടക്കുന്നില്ലെന്നതാണ് വസ്തുത.
സംസ്ഥാനത്തെ 86 ശതമാനം യു.പി സ്കൂളുകളിലും 45 ശതമാനം ഹൈസ്കൂളുകളിലും 100 ശതമാനം പ്രൈമറി-ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും കായികാധ്യാപകരെ നിയമിച്ചിട്ടില്ല.
ബാലാവകാശ കമീഷൻ ഉത്തരവ് അട്ടിമറിക്കരുതെന്ന് ചൂണ്ടിക്കാട്ടി കായികാധ്യാപകരും രക്ഷിതാക്കളും രംഗത്തുവന്നിട്ടുണ്ട്. ബാലാവകാശ കമീഷന്റെ നിരീക്ഷണങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ട് എല്ലാ വിദ്യാലയങ്ങളിലും കായികാധ്യാപകരെ നിയമിച്ച് ശാസ്ത്രീയമായ പ്രശ്നപരിഹാരമൊരുക്കണമെന്ന് സംയുക്ത കായികാധ്യാപക സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.