എ.കെ.എം അഷ്റഫ് എം.എൽ.എയും പ്രതിഷേധക്കാരും പൊലീസ് കസ്റ്റഡിയിൽ
കാസർകോട്: കാസർകോട് ദേശീയ പാതയിൽ ആരിക്കാടി ടോൾപിരിവിനെതിരായ സമരത്തിനൊടുവിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തിങ്കളാഴ്ച രാവിലെ ജനകീയ സമര സമിതി നേതൃത്വത്തിൽ നടന്നതിയ സമരം രണ്ടു മണിക്കൂർ പിന്നിട്ടതിനു പിന്നാലെയാണ് എം.എൽ.എയെയും പ്രതിഷേധക്കാരെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്.
ടോൾ പിരിവ് അവസാനിപ്പിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് എം.എൽ.എ പ്രതികരിച്ചു.
ദേശീയപാതയിൽ തലപ്പാടിയിൽ ഒരു ടോൾ ബൂത്ത് നിലനിൽക്കെ 22 കിലോമീറ്റർ മാറി കുമ്പള ആരിക്കാടിയിലും ടോൾ പിരിവ് നടത്തുന്ന ദേശീയ പാത അതോറിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു തിങ്കളാഴ്ച രാവിലെ മുതൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
രണ്ട് ടോൾ ബൂത്തുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം നിലനിർത്തി മാത്രമായിരിക്കും പുതിയ ടോൾ ബൂത്ത് പ്രവർത്തിക്കുകയെന്ന ദേശീയ പാത അതോറിറ്റിയും കേന്ദ്ര മന്ത്രിയും ഉറപ്പു നൽകിയിട്ടും അത് ലംഘിച്ചുകൊണ്ട് ആരിക്കാടിയിൽ ടോൾ പിരിവ് തുടങ്ങിയതിനു പിന്നാലെയാണ് പ്രതിഷേധമുയർന്നത്.
എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്നായിരുന്നു ജനകീയ പ്രതിഷേധം നടത്തിയത്.
ടോൾ പിരിവിനെതിരെ ആക്ഷൻ കമ്മിറ്റി നൽകിയ പരാതി കോടതി പരിഗണനയിൽ നിൽക്കെയാണ് ടോൾ പിരിവ് ആരംഭിച്ചതെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. രാവിലെ ടോൾ പിരിവ് ശ്രദ്ധയിൽ പെട്ടതിനു പിന്നാലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധവും റോഡ് ഉപരോധവും ആരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.