തൃശൂർ: 1947നുമുമ്പ് വിദേശ കമ്പനികളും വ്യക്തികളും കൈവശംവെച്ച തോട്ടഭൂമിക്കു മേൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കാൻ നൽകിയ സിവിൽ കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി വ്യവസായ വകുപ്പ്. ഹൈകോടതിവിധി പ്രകാരമാണ് റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു സിവിൽ കേസ് നൽകാൻ ഉത്തരവ് ഇറക്കിയത്. എന്നാൽ, ഈ കേസുകൾ പിൻവലിക്കണമെന്ന് തോട്ടം കൈവശം വെച്ചിരിക്കുന്നവർ ആവശ്യപ്പെട്ടതിന്റെ പിന്നാലെയാണ് ആ വാദമുന്നയിച്ച് വ്യവസായ വകുപ്പിന്റെ നീക്കം. തോട്ടം മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടി പ്ലാന്റേഷൻ സ്പെഷൽ ഓഫിസർ വെള്ളിയാഴ്ച വിവിധ വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു.
റവന്യൂ, വനം, തൊഴിൽ, വ്യവസായ വകുപ്പുകളുടെ സംയുക്ത യോഗമാണ് ചേർന്നത്. സംസ്ഥാനതല പ്ലാന്റേഷൻ ബിസിനസ് ഉപദേശക കമ്മിറ്റി യോഗത്തിൽ തോട്ടം മേഖലയിൽ നിന്നുള്ള അംഗങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയായിരുന്നു അജണ്ട. താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവ് പ്രകാരം ഉടമസ്ഥാവകാശവും പട്ടയവും ലഭിച്ച ഭൂമിക്ക് മേൽ റവന്യൂ വകുപ്പ് അവകാശവാദമുന്നയിക്കരുതെന്നും ലാൻഡ് ബോർഡ് ഉത്തരവുകൾ പ്രകാരം പ്രശ്നങ്ങൾക്ക് തീർപ്പ് കൽപ്പിക്കണമെന്നുമാണ് വ്യവസായ വകുപ്പ് നിർദേശം.
വനംവകുപ്പിന്റെ പാട്ടഭൂമിയിൽ പുനർകൃഷിക്കും കാർഷിക പ്രവർത്തനങ്ങൾക്കുമുള്ള നിയന്ത്രണം എടുത്തുകളയണമെന്നും വകുപ്പ് ആവശ്യപ്പെടുന്നു. സീലിങ് പരിധി എടുത്തുകളയണമെന്ന് നിർദേശവും വകുപ്പ് മുന്നോട്ടുവെക്കുന്നു. എന്നാൽ, ഇതിനെ റവന്യൂവകുപ്പ് എതിർത്തു. റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ മുതൽ സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം വരെയുള്ളവരുടെ റിപ്പോർട്ടുകൾ മുഴുവൻ റദ്ദാക്കാനുള്ള നീക്കമാണ് വ്യവസായ വകുപ്പ് നടത്തുന്നതെന്ന് നിയമ വിദഗ്ധർ പറയുന്നു.
വയനാട്ടിലെ തോട്ടം മേഖലയിലും ഇടുക്കിയിലെ ഏലം മേഖലയിലും രേഖയില്ലാതെ ആയിരക്കണക്കിന് ഭൂമി പലരും കൈവശംവെച്ചിരിക്കുന്നെന്നാണ് റവന്യൂ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.