നിലമ്പൂരിൽ സി.പി.എം വോട്ട് യു.ഡി.എഫിന് ലഭിക്കും; കോൺഗ്രസിൽ നിന്ന് സ്ഥാനാർഥിയെ കിട്ടുമെന്ന ആശ വേണ്ട -എ.പി. അനിൽ കുമാർ

വണ്ടൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം പ്രവർത്തകരടക്കം യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് ഏകോപന ചുമതല വഹിക്കുന്ന എ.പി. അനിൽ കുമാർ എം.എൽ.എ. കോൺഗ്രസിൽ നിന്ന് സി.പി.എമ്മിന് സ്ഥാനാർഥിയെ ലഭിക്കുമെന്ന ആശ വേണ്ടെന്നും അനിൽ കുമാർ വ്യക്തമാക്കി.

നിലമ്പൂരിൽ എൽ.ഡി.എഫിന് സ്ഥാനാർഥി പോലും ഇല്ലാത്ത അവസ്ഥയാണ്. സ്ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ സാധിക്കാത്തത് സി.പി.എം എത്രമാത്രം പിറകിലാണെന്നതിന്‍റെ തെളിവാണ്. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ ആവേശം ഇപ്പോൾ തന്നെയുണ്ട്. പഞ്ചായത്തുതല കൺവെൻഷനുകൾ യു.ഡി.എഫ് പൂർത്തിയാക്കിയെന്നും അനിൽ കുമാർ പറഞ്ഞു.

തെരഞ്ഞെടുപ്പ് തീയതി വന്ന് കഴിഞ്ഞാൽ ഉടൻ തന്നെ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. കെ.പി.സി.സി ചർച്ച ചെയ്ത് തീരുമാനിക്കുന്ന സ്ഥാനാർഥികളുടെ പേരുകൾ ഹൈക്കമാൻഡിന് കൈമാറും. ഹൈക്കമാൻഡ് ആണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക.

ഇടത് സർക്കാറിനെതിരായ വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ്. 2016ലും 2021ലും എൽ.ഡി.എഫ് വിജയിച്ച സീറ്റിൽ ഭരണത്തിന്‍റെ വിലയിരുത്തലാണെന്ന് പറയാനുള്ള ധൈര്യം സി.പി.എമ്മിനില്ല. നിലമ്പൂരിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാകും യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിക്കുക.

പി.വി. അൻവറിന്‍റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. സി.പി.എമ്മിനെതിരായ പോരാട്ടത്തിൽ അൻവർ യു.ഡി.എഫിനെ പിന്തുണക്കുന്നത് ബോധ്യപ്പെട്ട കാര്യമാണ്. മുസ് ലിം ലീഗിന്‍റെ കമ്മിറ്റിയിൽ അൻവർ പങ്കെടുത്തിരുന്നുവെന്നും എ.പി. അനിൽ കുമാർ വ്യക്തമാക്കി.

Tags:    
News Summary - AP Anil Kumar says UDF will get CPM votes in Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.