ആലപ്പുഴ ചുങ്കം കന്നിട്ടജെട്ടിയിൽ കെട്ടിയിട്ടിരുന്ന ഹൗസ്ബോട്ട് പൂർണമായും കത്തിനശിച്ചപ്പോൾ
ആലപ്പുഴയിൽ വീണ്ടും ഹൗസ് ബോട്ട് ദുരന്തം; പള്ളാത്തുരുത്തിയിൽ നിർത്തിയിട്ട ബോട്ട് കത്തിനശിച്ചു
ആലപ്പുഴ: ചുങ്കം കന്നിട്ടജെട്ടിക്ക് തെക്ക് പള്ളാത്തുരുത്തിയിൽ നിർത്തിയിട്ട ഹൗസ് ബോട്ട് കത്തിനശിച്ചു. ജീവനക്കാർ മാത്രമാണ് ബോട്ടുണ്ടായിരുന്നത്. തീ ഉയർന്നപ്പോൾ ഇവർ കരയിലേക്ക് ചാടി രക്ഷപ്പെട്ടു. പാറ്റയെ കൊല്ലാൻ കത്തിച്ചുവെന്ന തിരിയിൽനിന്ന് തീ പടർന്നെന്നാണ് പ്രാഥമികനിഗമനം. ഞായറാഴ്ച രാത്രി 8.45നായിരുന്നു സംഭവം. മൂന്നു മുറികളിലെ എ.സി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, അടുക്കളയിലെ സാധനങ്ങളടക്കം പൂർണമായും കത്തിനശിച്ചു. 75 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ചുങ്കം-പള്ളാത്തുരുത്തി റോഡിൽ വട്ടുപറമ്പിൽ ക്ഷേത്രത്തിനുസമീപം പമ്പാനദിയുടെ പടിഞ്ഞാറെ തീരത്തായിരുന്നു അപകടം.
ഇവിടെ നിർത്തിയിട്ട മറ്റ് ഹൗസ് ബോട്ടുകളിലേക്ക് തീ പടരാതെ നാട്ടുകാരും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻദുരന്തം ഒഴിവായി. യാത്രക്കാരെ ഇറക്കിയശേഷം വൈകീട്ട് അഞ്ചരയോടെയാണ് ഹൗസ് ബോട്ട് കെട്ടിയിട്ടത്. തീ ഉയർന്നതോടെ നാട്ടുകാരും ഹൗസ് ബോട്ടിലെ ജീവനക്കാരും ചേർന്ന് തീയണക്കാൻ ശ്രമം തുടങ്ങി. ഇരുനിലകളിലായി മൂന്നുമുറികളുള്ള ശീതീകരിച്ച ഹൗസ്ബോട്ടാണ് പൂർണമായും കത്തിയമർന്ന് വെള്ളത്തിൽ മുങ്ങിയത്. ഇതിന് സമീപത്തായി മറ്റു ഹൗസ്ബോട്ടുകൾ അഴിച്ചു ദൂരെ സ്ഥലങ്ങളിലേക്ക് മാറ്റിയതിനാൽ വൻ അപകടം ഒഴിവായി.
അപകടമറിഞ്ഞ് ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേന റോഡുമാർഗവും ബോട്ടുമാർഗവുമാണ് അപകടസ്ഥലത്തേക്ക് എത്തിയത്. റോഡിലൂടെ എത്താൻ ശ്രമിച്ച അഗ്നിരക്ഷാസേനയുടെ വാഹനം അപകടമറിഞ്ഞ് സ്ഥലത്തെത്തിയ ആളുകളുടെ ഇരുചക്രവാഹനങ്ങൾക്കിടയിൽ കായൽതീരത്തെ പ്രദേശത്ത് കുടുങ്ങി. ഈ മേഖലയിലേക്ക് വഴിവെളിച്ചമില്ലാത്തതും ആളുകൾക്ക് എത്താൻ തടസ്സമായി. ബോട്ടിലെത്തിയ അഗ്നിരക്ഷാസേന സംഘം വെള്ളം പമ്പ് ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
ആലപ്പുഴ സ്വദേശി റെജീഷിന്റെ ഹൗസ്ബോട്ടാണ് കത്തിനശിച്ചത്. അഞ്ചുവർഷം മുമ്പാണ് ബോട്ട് ഇറക്കിയത്. ഇരുനിലയിൽ മൂന്ന് മുറിയുള്ള ശീതികരിച്ച ഹൗസ് ബോട്ട് മറ്റൊരാൾക്ക് വാടകക്ക് നൽകിയിരിക്കുകയായിരുന്നു. ഈമാസം ആദ്യം പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്നു ഹൗസ് ബോട്ടുകൾ കത്തിനശിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ റെസ്ക്യു ഓഫിസർ പി.വി. പ്രശാന്ത്, ഫയർ ഓഫിസർമാരായ ജസ്റ്റിൻ ജേക്കബ്, ഡാനി ജോർജ്, എച്ച്. പ്രശാന്ത്, പത്മകുമാർ, എച്ച്. അൻസിൽ, എം. മനോജ്, ശ്യാംകുമാർ, അരുൺ രാജ്, വിപിൻ എസ്. ദത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.