മാസപ്പടി കേസ്; പിണറായിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, ഡി.ജി.പിക്ക് നിർദേശം നൽകി ആഭ്യന്തരമന്ത്രി
തിരുവനന്തപുരം : സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പ്രാഥമിക അന്വേഷണം. അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിക്ക് നിർദേശം നൽകി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടിക്കാണ് അന്വേഷണ ചുമതല. പിണറായിയുടെ മകൾ വീണ, മുഹമ്മദ് റിയാസ് എം.എൽ.എ എന്നിവരും അന്വേഷണ പരിധിയിൽ വരും.
സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൂലി വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു . വീണ പണം വാങ്ങിയത് പിണറായിക്ക് വേണ്ടിയെന്ന് അനുമാനിക്കാമെന്നും കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നുമാണ് അഡ്വക്കേറ്റ് ജനറൽ ആഭ്യന്തരവകുപ്പിന് കൈമാറിയ നിയമോപദേശം. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. നിയമോപദേശം ഉൾപ്പെടെ കാര്യങ്ങൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്വേഷണ കാര്യത്തിൽ തീരുമാനമെടുത്തത്.
അഴിമതി തടയൽ നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നാണ് നിയമോപദേശം. ആ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിനാണ് പ്രഥമ സാധ്യത. പിണറായി വിജയന്റെ മകൾ ടി. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്നും നിയമോപദേശത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.