ഇ അബൂബക്കർ
'സത്യം ഒരുനാൾ സംസാരിക്കും'; മുൻ പി.എഫ്.ഐ ചെയർമാൻ ഇ. അബൂബക്കറിന്റെ അറസ്റ്റിന്റെ നാലാം വർഷത്തിൽ കുടുംബം
കോഴിക്കോട്: നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) മുൻ നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡുകൾ നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിന് ഇന്ന് നാല് വർഷം പൂർത്തിയാകുന്നു. 2022 സെപ്റ്റംബർ 22-ന് പുലർച്ചെ നടന്ന നിർണായക നടപടിയുടെ വാർഷിക ദിനത്തിൽ, കഴിഞ്ഞ നാല് വർഷത്തെ കയ്പേറിയ അനുഭവങ്ങളും നീതിക്കായുള്ള പ്രതീക്ഷകളും പങ്കുവെച്ച് ഇ അബൂബക്കറിന്റെ കുടുംബം. കോടതി വരാന്തകളും കാത്തിരിപ്പുകളും നിറഞ്ഞ നീണ്ട 1,460 ദിവസങ്ങൾ പിന്നിടുമ്പോഴും സത്യത്തിലും നീതിവ്യവസ്ഥയിലുമുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മുസ്‌ലിം, ദലിത്, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയവരാണ് തങ്ങളുടെ കുടുംബങ്ങൾ. കഴിഞ്ഞ നാല് വർഷത്തിനിടയിൽ കുടുംബങ്ങൾ അനുഭവിച്ച കടുത്ത വൈകാരിക ഒറ്റപ്പെടലുകൾ അനുഭവിച്ചു. പെരുന്നാളുകളും വിവാഹങ്ങളും കുഞ്ഞുങ്ങളുടെ ജനനവുമടക്കം സന്തോഷത്തിന്റെ നിരവധി നിമിഷങ്ങൾ കടന്നുപോയെങ്കിലും, പ്രിയപ്പെട്ടവരുടെ അസാന്നിധ്യം വലിയ ശൂന്യതയായി തുടരുകയാണ്. പല കുടുംബചിത്രങ്ങളിലും പ്രിയപ്പെട്ട മുഖങ്ങൾ നഷ്ടപ്പെട്ടുവെന്നും മേശകളിൽ ഒഴിഞ്ഞിരുന്ന കസേരകൾ ഒരുപാട് കഥകൾ പറയുന്നുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
കാത്തിരിപ്പിന്റെ കാലത്തിനിടയിൽ വിടപറഞ്ഞുപോയ പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങൾ അനുസ്മരിച്ചു. അറസ്റ്റിലായ മുൻ ചെയർമാൻ ഒ.എം.എ. സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയുടെ അപ്രതീക്ഷിത വിയോഗവും ആ സമയത്തെ അനുഭവങ്ങളും കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്. അന്ന് ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങി, തകർന്ന ഹൃദയത്തോടെ സ്വന്തം മകളുടെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകേണ്ടി വന്ന ഒരു പിതാവിന്റെ അവസ്ഥ കൺമുന്നിലുണ്ടായിരുന്ന ആരുടെയും കണ്ണ് നനയിക്കുന്നതായിരുന്നുവെന്നും കുറിപ്പിൽ ഓർമിപ്പിക്കുന്നു. പ്രായത്തിന്റെ അവശതകളും ആരോഗ്യപ്രശ്നങ്ങളും കാരണം നടക്കാൻ പോലും പ്രയാസപ്പെട്ട് കോടതിയിൽ ഹാജരാക്കപ്പെടുമ്പോഴും, ശരീരം തളർന്നാലും മനസ്സ് തളർന്നിട്ടില്ലെന്ന ആത്മവിശ്വാസം തടവിലുള്ളവരുടെ മുഖത്ത് കാണാമെന്നും, ഇരുണ്ട രാത്രികൾ എത്ര നീണ്ടാലും പ്രഭാതം പുലരുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് തങ്ങൾ മുന്നോട്ടുപോകുന്നതെന്നും കുടുംബങ്ങൾ വ്യക്തമാക്കുന്നു.
70-ലധികം വയസ്സ് പ്രായവുമുള്ള ഇ. അബൂബക്കർ തിഹാർ ജയിലിൽ വിചാരണത്തടവുകാരനായി തുടരുന്നതിനിടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. അർബുദത്തിന് തുടർചികിത്സയ്ക്ക് പുറമെ, കടുത്ത പാർക്കിൻസൺസ് രോഗം ബാധിച്ചതിനാൽ പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനോ നടക്കാനോ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഇതിനുപുറമെ പ്രമേഹം, രക്താതിമർദ്ദം, കാഴ്ചക്കുറവ്, മറ്റ് വാർദ്ധക്യസഹജമായ അവശതകൾ എന്നിവയും അദ്ദേഹത്തെ അലട്ടുന്നുണ്ട്. എയിംസിൽ വിദഗ്ദ്ധ ചികിത്സയും വീട്ടുതടങ്കലും ആവശ്യപ്പെട്ട് കുടുംബം ഡൽഹി ഹൈകോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും, മാനുഷിക പരിഗണന നൽകി മികച്ച വൈദ്യസഹായം ഉറപ്പാക്കണമെന്ന വാദം ഇപ്പോഴും കോടതികളുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.