10ാം ക്ലാസ് വിദ്യാർഥിനികളുടെ ഡ്രസ് കോഡ് ധരിച്ച ഒമ്പതാം ക്ലാസുകാരിയെ അടിവയറ്റിൽ ചവിട്ടി, മുടി പിടിച്ച് ചുമരിൽ കുത്തി; നീതി ലഭിച്ചില്ലെന്ന് രക്ഷിതാക്കളുടെ പരാതി

കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ റാഗിങ്ങിനിരയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നീതി ലഭിച്ചില്ലെന്ന് രക്ഷിതാക്കളുടെ പരാതി.

കഴിഞ്ഞ ആഗസ്ത് 31ന് സ്‌കൂളിൽവെച്ച് പത്താം ക്ലാസ് വിദ്യാർഥിനികളിൽ നിന്ന് മർദനമേറ്റെന്നാണ് പരാതി. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് രക്ഷിതാക്കൾ വാർത്താസമ്മേളനം നടത്തിയത്.

ആഗസ്ത് 21ന് നടന്ന ഓണാഘോഷ പരിപാടിയിൽ പത്താം ക്ലാസ് വിദ്യാർഥിനികൾ ധരിച്ച ഡ്രസ് കോഡ് ഒമ്പതാം ക്ലാസിലെ മൂന്ന് വിദ്യാർഥികൾ ധരിച്ചെത്തിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനികൾ ഇവരെ ആക്രമിച്ചെന്നാണ് പരാതി. ഇക്കാര്യം എച്ച്.എമ്മിനോട് പരാതിപ്പെടുമെന്ന് പറഞ്ഞതിന്റെ വൈരാഗ്യത്തിൽ ആക്രമണം നടത്തിയതായാണ് ആരോപണം.

അടിവയറ്റിൽ ചവിട്ടുകയും മുടിയിൽ പിടിച്ച് ചുമരിൽ കുത്തുകയും നിലത്തിട്ട് കല്ലുകൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്തെന്നും കല്ല് തട്ടിമാറ്റിയതിനെ തുടർന്ന് ശരീരത്തിൽ കയറി ചവിട്ടി മർദിച്ചെന്നും രക്ഷിതാക്കൾ ആരോപിച്ചു.

എന്നാൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകർ തയാറായില്ലെന്നും ഗുരുതര പരിക്കിനെ തുടർന്ന് അവധിയെടുത്ത വിദ്യാർഥിനിയുടെ വീട്ടിലെത്തിയ അധ്യാപകർ, സ്‌കൂളിൽ വന്നില്ലെങ്കിൽ പുറത്താകുമെന്നും ടി.സി വാങ്ങി പോകേണ്ടിവരുമെന്ന് പറഞ്ഞതായും രക്ഷിതാക്കൾ പറയുന്നു.

Tags:    
News Summary - Ragging complaint at Koodathayi St. Mary's HSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.