രമ്യ ഹരിദാസ്
പ്രദീപ് വേണ്ട, പ്രതികരണവും വേണ്ട; ചിറയിൻകീഴിലെ കൈയാങ്കളിയിൽ രമ്യ ഹരിദാസിന് താക്കീത് നൽകി കെപിസിസി
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കളിയിൽ രമ്യ ഹരിദാസ് എം.എൽ.എക്കും ജില്ല പഞ്ചായത്ത് അംഗം സുജിത്തിനും കെ.പി.സി.സിയുടെ താക്കീത്. പരസ്യപ്രതികരണം വേണ്ടെന്നും പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്നും രമ്യയോട് നിർദേശിച്ചിട്ടുണ്ട്.
പ്രാദേശിക തർക്കത്തിൽ എം.എൽ.എ എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെന്നും രമ്യയുടെ നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും, ഇതുസംബന്ധിച്ച് അന്വേഷിച്ച എം.എം. ഹസൻ അധ്യക്ഷനായ സമിതി റിപ്പോർട്ടിൽ നൽകിയിരുന്നു. സംയമനം പാലിക്കേണ്ട സമയങ്ങളിൽ ഉചിതമല്ലാത്ത നടപടികൾ സ്വീകരിച്ചു കൊണ്ട് പാർട്ടിയെ രമ്യ പ്രതിരോധത്തിലാക്കിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംഭവം പാർട്ടിക്കും ജനപ്രതിനിധിയെന്ന പദവിക്കും പൊതുജനമധ്യത്തിൽ വലിയ നാണക്കേടുണ്ടാക്കിയെന്നായിരുന്നു നേതാക്കളുടെ വിമർശനം. പ്രശ്നക്കാരായ കൂടെയുള്ളവർക്കെതിരെ പാർട്ടി നടപടിയെടുത്തതിന് ശേഷവും, പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ നീക്കം നടത്തിയത് വിമർശനങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പ്, ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എം.എൽ.എയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലായിരുന്നു കൈയാങ്കളി. തര്‍ക്കത്തിനിടെ എം.എൽ.എ ജില്ല പഞ്ചായത്ത് അംഗത്തെ അടിച്ചതായി ആരോപണം ഉയർന്നിരുന്നു. എന്നാല്‍, ജില്ല പഞ്ചായത്ത് അംഗവും മറ്റു പ്രവര്‍ത്തകരും ചേര്‍ന്ന് തന്നെ അടിച്ചതായി എം.എൽ.എയും ആരോപിച്ചു. തുടർന്ന് ഇരുകൂട്ടരും ചിറയിന്‍കീഴ് പൊലീസില്‍ പരാതി നൽകുകയായിരുന്നു.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ള പാളയം പ്രദീപ് എന്നയാള്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഇയാള്‍ക്ക് യോഗവുമായി ഒരു ബന്ധവുമില്ലെന്നാണ് ആരോപണം. ഇതിനെ പഞ്ചായത്ത് അംഗങ്ങള്‍ ചോദ്യം ചെയ്യുകയുമുണ്ടായി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തർക്കമുണ്ടായത്.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിലനിന്നിരുന്ന തർക്കമാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.