വാഹന മോഡിഫിക്കേഷൻ; കർശന പരിശോധനക്ക് നിർദേശം നൽകി ഹൈകോടതി

കൊച്ചി: വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ അധികൃതർ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്നും അനധികൃത രൂപമാറ്റം നടത്തുന്നത് കർശനമായി പരിശോധിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ഇക്കാര്യങ്ങൾ വേണ്ടത്ര പരിശോധനയില്ലാതെയാണ് പല കാര്യങ്ങളും നടക്കുന്നത്. ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള രൂപമാറ്റങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന വിഷയവും കോടതി ചൂണ്ടിക്കാട്ടി. ഈയടുത്തായി കോട്ടയം, കാസർഗോഡ് ജില്ലകളിലുണ്ടായ അപകടങ്ങളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയത് പരാമർശിച്ചായിരുന്നു കോടതിയുടെ വിമർശനം. വാഹനങ്ങളുടെ നിർമാതാക്കൾ നിശ്ചയിച്ചിട്ടുള്ള സാങ്കേതിക സവിശേഷതകളിൽ നിന്ന് വ്യത്യസ്തമായ മാറ്റങ്ങൾ റോഡ് സുരക്ഷയെ ബാധിക്കാമെന്ന നിലപാട് ഹൈകോടതി നേരത്തെയും വ്യക്തമാക്കിയിരുന്നു.

എന്നാൽ, വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച് ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വാഗ്ദാനത്തിന്‌ പിന്നാലെ വാഹനങ്ങളിൽ അനുവദനീയമായ രൂപമാറ്റങ്ങളുടെ പട്ടിക ഗതാഗത കമീഷണർ പുറത്തുവിട്ടിരുന്നു. എന്നാൽ ജനങ്ങൾ ആവശ്യപ്പെട്ട രീതിയിലുള്ള രൂപമാറ്റത്തിന് സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴി വെച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ വാഹന രൂപമാറ്റത്തിൽ പ്രഖ്യാപിച്ചിട്ടുള്ള നിയമങ്ങൾ ലംഘിച്ച് രൂപമാറ്റം അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കിയിരുന്നു.

അനധികൃത ലൈറ്റുകൾ, വീൽ സ്പേസറുകൾ, വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന വീതിയേറിയ ടയറുകൾ തുടങ്ങിയ രൂപമാറ്റങ്ങൾക്കെതിരെയും ഹൈകോടതി നേരത്തെ കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇത്തരം മാറ്റങ്ങൾ മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാകാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Tags:    
News Summary - High Court again criticizes vehicle modification and orders strict inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.