മാ​സ​പ്പ​ടി​ക്കേ​സ്: അന്വേഷണ ശേഷം കാര്യങ്ങൾ ഡി.ജി.പിയും മുഖ്യമന്ത്രിയും തീരുമാനിക്കും -രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎംആ​ർ​എ​ൽ മാ​സ​പ്പ​ടി​ക്കേ​സുമായി ബന്ധപ്പെട്ട് ഇ.ഡി നൽകിയ കത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡി.ജി.പിയെ ചുമതലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെയും സുപ്രീം കോടതി വിധികളുടെയും അടിസ്ഥാനത്തിൽ ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഇ.ഡി നൽകിയ കത്ത് ഡി.ജി.പി ഹോം സെക്രട്ടറിക്ക് നൽകുകയും, തുടർന്ന് അത് എ.ജിക്ക് നിയമോപദേശത്തിനായി കൈമാറുകയും ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പ് എ.ജിയി നിന്ന് അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് ഡി.ജി.പിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

തങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ ലോ എൻഫോഴ്‌സിങ് ഏജൻസിക്ക് കൈമാറാൻ ഇ.ഡിക്ക് ചുമതലയുണ്ട്. ഇത്തരത്തിൽ ഡി.ജി.പിക്ക് ലഭിക്കുന്ന കത്ത് അവഗണിക്കാൻ പാടില്ലെന്ന് വിജയ് മദൻലാൽ കേസ് വിധിയിൽ സുപ്രീം കോടതി വ്യക്തമായി വ്യക്തമാക്കിയിട്ടുണ്ട്.

അഴിമതി കേസുകൾ ഉൾപ്പെടെ ചില പ്രത്യേക വിഷയങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തി കോഗ്നിസബിൾ ഒഫൻസ് നിലനിൽക്കുന്നുണ്ടോ എന്ന് വ്യക്ത വരുത്തേണ്ടതുണ്ടെന്ന് ലളിതകുമാരി കേസ് വിധിയിൽ പറയുന്നു. നിലവിൽ പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിന് ശേഷമുള്ള ബാക്കി കാര്യങ്ങൾ ഡി.ജി.പിയും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇന്ന് രാവിലെയാണ് കേരള സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷമാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. സിഎംആർഎല്ലിൽ നിന്ന് മകൾ വീണ വഴി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നൽകിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള അന്വേഷണത്തിൽ, സിഎംആർഎല്ലിൽ നിന്ന് വീണ വഴി പണം കൈപ്പറ്റിയതായും ഈ തുക ഹവാല ഇടപാടുകൾ വഴി വിദേശത്തേക്ക് കടത്തിയതായും ഇ.ഡി അവകാശപ്പെട്ടിരുന്നു. വീണയുടെ കൈപ്പടയിലുള്ള കുറിപ്പുകളും ഇ.ഡി കണ്ടെടുത്തിട്ടുണ്ട്. മുൻമന്ത്രി മുഹമ്മദ് റിയാസ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഹവാല ഇടപാട് നടത്തിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

Tags:    
News Summary - CMRL monthly payment case: Next steps after probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.