1, ഭഗീരയും ജിപ്സിയും ചികിത്സക്കിടെ 2. ഭഗീരയെ കടിച്ച അണലി

ഭഗീര ജീവിതത്തിലേക്ക് മടങ്ങി; കണ്ണടക്കാതെ അടുത്തുണ്ട് അകീലയും ജിപ്സിയും

തൃശൂർ: 'ഭഗീര കണ്ണ് തുറന്നു... ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ല. കാണുമ്പോൾ തിരിച്ചറിഞ്ഞ് സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്. ഗ്ലൂക്കോസ്​ ഇപ്പോഴും നൽകുന്നു. അരികിൽ തന്നെ അകീലയും ജിപ്സിയുമുണ്ട്. അവർ ഭക്ഷണം പേരിന് മാത്രമാണ് കഴിക്കുന്നത്. എപ്പോഴും ഭഗീരക്കൊപ്പമാണ്. ജീവിതത്തിലേക്ക് ഭഗീര തിരിച്ചുവന്നുവെന്ന് പറഞ്ഞു കൊടുത്തെങ്കിലും പഴ‍യ ഊർജസ്വലതയിലേക്ക് വരാത്തതിന്‍റെ വിഷമത്തിലാണ് അകീലയും ജിപ്സിയും'...

തൃശൂരിലെ ഇൻഷുറൻസ് കൺസൽട്ടൻറായ സന്ദീപ് കുമാറി​​െൻറ വീട്ടിലെ വളർത്തു നായ്ക്കളാണ് ഭഗീരയും അകീലയും ജിപ്സിയും. കഴിഞ്ഞ 20ന് വീട്ടിലെ പൂന്തോട്ടത്തിന് നടുവിലെ കുളത്തിനരികിൽ നിന്ന്​ അണലിയുടെ കടിയേറ്റതാണ് ഭഗീരക്ക്. അണലിയെ അകിലയും ജിപ്സിയും കൂടി വകവരുത്തി. സന്ദീപ് തന്നെയാണ് ഈ അപൂർവ സംഭവം ഇപ്പോഴും ഭയപ്പാടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

അന്ന്​ ഉച്ചക്ക്‌ ഭക്ഷണം കഴിക്കാൻ ഭഗീരയെയും അകീലയെയും ജിപ്സിയെയും കൂട്‌ തുറന്നുവിട്ടിരുന്നു. പക്ഷേ, എന്തോ പിശക്‌ തോന്നിയ ഭഗീര ഭക്ഷണത്തിനടുത്തേക്ക്‌ വരാതെ മുൻവശത്തെ പൂന്തോട്ടത്തിലേക്ക്‌ പോയി. കൂടെ സന്ദീപും ചെന്നു. നോക്കിയപ്പോൾ വല്ലാത്ത മണം പിടിക്കലിലാണ്. പൂന്തോട്ടത്തിലെ കുളത്തിൽ തവളകൾ ഉണ്ടാകാറുണ്ട്‌. അതായിരിക്കുമെന്ന് വിചാരിച്ച് കാര്യമാക്കാതെ സന്ദീപ്​ മടങ്ങി. പിന്നീട്​ കാറിനടിയിൽനിന്ന് ഭഗീരയുടെ അലർച്ച കേട്ടു. ഒപ്പം എന്തോ ഒന്നിനെ തൂക്കിയെടുത്ത്‌ പുറത്തേക്കിട്ടു.

ഭഗീര ഇട്ട സാധനത്തെ നിലം തൊടാനനുവദിക്കാതെ ജിപ്സി ചാടിയെടുത്ത്‌ കടിച്ച്‌ കുടഞ്ഞു. ഓടിച്ചെന്ന് നോക്കുമ്പോൾ ഒരു അണലി ചത്തുകിടക്കുന്നു. മുമ്പും അതിക്രമിച്ചുകടന്ന അണലിയും മൂർഖനുമുൾ​െപ്പടെ വമ്പൻമാരെ അവർ വകവരുത്തിയിട്ടുള്ളതിനാൽ കാര്യമാക്കാതെ ഭക്ഷണത്തിനായി വിളിച്ചു. പക്ഷേ, അകീല മാത്രമേ കഴിച്ചുള്ളു. ജിപ്സിയും ഭഗീരയും രണ്ട്​ സ്ഥലത്തായി കിടക്കുന്നു. പന്തികേട് തോന്നിയതിന് പിന്നാലെ, ഭഗീര ഛർദിക്കാൻ തുടങ്ങി. ക്ഷീണം കൂടുന്നതായി അനുഭവപ്പെട്ടു. അടുത്തുപോയി ശരീരമാകെ സൂക്ഷ്മമായി പരിശോധിച്ചു. താടിക്കടിയിൽ രണ്ട്‌ ചോര പൊടിഞ്ഞ പാടുകൾ. 

ഉടനെ കൊക്കാലയിലെ മൃഗാശുപത്രിയിലേക്ക്‌ കുതിച്ചു. അവിടെ എത്തിയപ്പോഴാണ് ഉച്ചക്ക്​ 12 വരെയേ പ്രവർത്തിക്കാറൂള്ളൂ എന്നറിഞ്ഞത്. പട്ടികൾക്ക്‌ മരുന്നും മറ്റും വാങ്ങാറുള്ള മെഡിക്കൽ ഷോപ്പിലെത്തി കാര്യം പറഞ്ഞു. അയാൾ മൃഗഡോക്ടർ മിഥുൻ നീലങ്കാവിലിനെ മൊബെലിൽ വിളിച്ചു. ഡോക്ടർ ഉടൻ വീട്ടിലെത്തി. ഇതിനിടയിൽ ഭഗീരയുടെ നില വഷളായി തുടങ്ങിയിരുന്നു. വന്നയുടൻ ആൻറിവെനം കൊടുത്തു. പിന്നെ മറ്റ്‌ ആൻറിബയോട്ടിക്കുകളും ആരംഭിച്ചു. പോകാൻ നിന്ന ഡോക്ടറോട് പ്രതീക്ഷയുണ്ടോയെന്ന് ചോദിച്ചെങ്കിലും 48 മണിക്കൂർ കഴിയാതെ പറയാനാവില്ലെന്നായിരുന്നു മറുപടി. 

ഒരുരാവ് പുലർന്നത് ഏറെ വിഷമിച്ചായിരുന്നു. പിറ്റേന്നത്തേക്ക് ഭഗീരക്ക് അനങ്ങാനാവുന്നില്ല. വായിൽനിന്ന് നുരയും പതയും വരുന്നു. ഇടക്കിടെ ഛർദിക്കുന്നു. മൂത്രത്തിൽ രക്തം. പ്രതീക്ഷ അവസാനിക്കുന്നതുപോലെ തോന്നി. അന്ന്​ രാത്രി സന്ദീപ്​ ഉറങ്ങാൻ പോകുമ്പോൾ ഭഗീരക്ക് നെറ്റിയിൽ ഉമ്മ കൊടുത്തു. 

പക്ഷേ, മൂന്നാംദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തി ഭഗീര ജീവിതത്തിലേക്ക്​ തിരികെയെത്തുകയായിരുന്നു. കൂടെ നിന്നവർക്ക് നന്ദിയറിയിച്ചാണ് സന്ദീപ് കുമാറി​െൻറ കുറിപ്പ് അവസാനിക്കുന്നത്​.

Tags:    
News Summary - Akeelah and Gipsy and pet dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.